ക്ലാസ് മുറികളില്‍ കുട്ടികളോട് ഫീസ് ചോദിക്കാന്‍ പാടില്ല, കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

ക്ലാസ് മുറികളില്‍ കുട്ടികളോട് ബോഡി ഷെയ്മിംഗ് പാടില്ലായെന്നും പഠന യാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടുള്ളതല്ലെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ക്ലാസ്മുറികളില്‍ കുട്ടികള്‍ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അധ്യാപകരില്‍ നിന്ന് പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ക്ലാസ് മുറികളില്‍ കുട്ടികളോട് ബോഡി ഷെയ്മിംഗ് പാടില്ലായെന്നും ഫീസ് കാര്യങ്ങളെ പറ്റി ക്ലാസ്മുറികളില്‍ മറ്റ് കുട്ടികളുടെ സാന്നിധ്യത്തില്‍ അധ്യാപകരോ സ്‌കൂള്‍ അധികൃതരോ വിദ്യാര്‍ത്ഥികളോട് ചോദിക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ രക്ഷിതാക്കള്‍ക്കും ഫോണ്‍ ഉണ്ടെന്നും അവരോടാകണം ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ക്ലാസ് മുറികളില്‍ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ മറ്റ് കുട്ടികളുടെ മുന്‍പില്‍ വിദ്യാര്‍ത്ഥി പരിഹസിക്കപ്പെടാനും അത് കുട്ടികളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പഠന യാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടുള്ളതല്ല.

സ്‌കൂള്‍ പഠനയാത്രകള്‍, വിനോദയാത്രകള്‍ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിന് വന്‍തോതിലുള്ള തുകയാണ് ചില സ്‌കൂളുകളില്‍ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിയാതെ അവരില്‍ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാല്‍ പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണം. സ്‌കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്‌മെന്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്.

സ്‌കൂളുകളില്‍ ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. സമ്മാനങ്ങള്‍ കൊണ്ട് വരാത്ത കുട്ടികളെ വേര്‍തിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിന് സ്‌കൂള്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments