
ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ ഷോയിലെ ആദ്യ മത്സരാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായാണ് മത്സരാര്‍ഥികളെ ഉദ്ഘാടന എപ്പിസോഡിന് മുന്‍പേ പ്രഖ്യാപിക്കുന്നത്. കോമണര്‍ മത്സരാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിന്‍ ബായ്‍, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിഷാനയുമാണ് സീസണ്‍ 6 ല്‍ കോമണര്‍ മത്സരാര്‍ഥികളായി എത്തുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്‍റെ ലോഞ്ച് എപ്പിസോഡ് മാര്‍ച്ച് 10 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ആണ്. പിന്നീട് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30 നും ശനി, ഞായര്‍ ദിനങ്ങളില്‍ രാത്രി 9 നും ഷോ കാണാനാവും. മറ്റ് മത്സരാര്‍ഥികളെ പതിവുപോലെ ലോഞ്ച് എപ്പിസോഡില്‍ മാത്രമാവും പ്രഖ്യാപിക്കുക.
സാധാരണക്കാരുടെ പ്രതിനിധികളായ കോമണര്‍ മത്സരാര്‍ഥി സീസണ്‍ 5 മുതലാണ് മലയാളം ബിഗ് ബോസില്‍ ആരംഭിച്ചത്. ഒരാള്‍ മാത്രമാണ് കഴിഞ്ഞ സീസണില്‍ കോമണര്‍ ആയി ഉണ്ടായിരുന്നത്. ഗോപിക ഗോപി ആയിരുന്നു അത്. എന്നാല്‍ രണ്ട് പേരാണ് ഇത്തവണ കോമണര്‍മാരായി എത്തുന്നത്.

ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നുമാണ് ബിഗ് ബോസ് ടീം റസ്‍മിന്‍ ബായ്, നിഷാന എന്നിവരെ തെരഞ്ഞെടുത്തിരിക്കുന്നത് . പ്രൊമോ വീഡിയോയിലൂടെയാണ് ഏഷ്യാനെറ്റ് മത്സരാര്‍ഥികളെ അവതരിപ്പിച്ചിരിക്കുന്നത്. റൈഡിംഗ് തനിക്ക് ഒരു ഹരമാണെന്ന് പറയുന്നു പ്രസ്തുത വീഡിയോയില്‍ റസ്മിന്‍. എന്നും എപ്പോഴും യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഒരു ഫ്രീക്കത്തി വീട്ടമ്മയെന്നാണ് നിഷാന സ്വയം വിശേഷിപ്പിക്കുന്നത്. എ ട്രക്കിംഗ് ഫ്രീക്കിയെന്ന് അവര്‍ സ്വയം പരിചയപ്പെടുത്തുന്നു.

അതേ സമയം ആരൊക്കെയായിരിക്കും ഇത്തവണ ഏറ്റുമുട്ടാൻ എത്തുന്നതെന്ന കൗതുകം നിലനിൽക്കവെ പല പേരുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നുണ്ട്. കഴിഞ്ഞ ദിവസം മുൻ ബിഗ് ബോസ് മത്സരാർത്ഥി റോൺസൺ വിൻസെന്റ് ചില മത്സരാർത്ഥികളുടെ പേര് പങ്കിട്ട് രംഗത്ത് എത്തിയിരിന്നു.
മത്സരാർത്ഥികളെ സ്വാഗതം ചെയ്ത് കൊണ്ടാണ് റോൺസണിന്റെ പോസ്റ്റ്. ഡയാന ഹമീദ്, കൃഷ്ണ , യമുനാ റാണി , സാന്ത്വനം സീരിയൽ ഫെയിം അപ്സര ആൽബി, ജിന്റോ ക്രാഫ്റ്റ്, രാധിക നായർ, മല്ലു ജെഡി,ശരണ്യ ആനന്ദ്, ജസീല പർവീൺ എന്നിവരുടെ പേരുകളാണ് റോൺസൺ പറയുന്നത്. കഴിഞ്ഞ ദിവസവും റോൺസൺ 3 പേരുടെ ലിസ്റ്റ് പങ്കിട്ടിരുന്നു. എന്നാൽ ഇന്നലെ പങ്കുവെച്ച ലിസ്റ്റിൽ ഉൾപ്പെടുത്തിയ സാന്ത്വനം സീരിയൽ ഫെയിം രാജീവ് പരമേശ്വരന്റെ പേര് റോൺസൺ ഡിലീറ്റ് ചെയ്തിട്ടുണ്ട്.