നഴ്സിങ്ങ് വിദ്യാർത്ഥിനിയായിരുന്ന അമ്മുവിൻ്റെ മരണത്തിൽ സുഹൃത്തുക്കൾക്ക് കുരുക്ക്

അറസ്റ്റിലായത് അമ്മുവിന്റെ സുഹൃത്തുക്കളായ മൂന്ന് വിദ്യാർത്ഥിനികൾ

പത്തനംതിട്ട: നഴ്സിങ്ങ് വിദ്യാർത്ഥിനിയായിരുന്ന അമ്മുവിൻ്റെ മരണത്തിൽ സുഹൃത്തുക്കൾക്ക് കുരുക്ക്. മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. അമ്മുവിന്റെ സുഹൃത്തുക്കളായിരുന്ന അലീന, അഷിത, അഞ്ജന എന്നീ വിദ്യാർത്ഥിനികൾക്കെതിരെയാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. കൊല്ലം പത്തനാപുരം സ്വദേശിനിയാണ് ഒരാള്‍. മറ്റ് രണ്ട് പേര്‍ കോട്ടയം സ്വദേശിനികളാണ്.

കഴിഞ്ഞ ദിവസം പൊലീസ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്ന് കുടുംബം ആരോപിച്ച പെണ്‍കുട്ടികളാണ് ഇവർ.

ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.

അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.

അതേസമയം, അമ്മുവിന്റെത് ആത്മഹത്യയാണെന്നുള്ള നിഗമനത്തിലാണ് പൊലീസ് അന്വേഷണം കടുപ്പിച്ചിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments