ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തിൽ ശക്തമായ പ്രചാരണമാണ് കോൺഗ്രസ് നടത്തി വരുന്നത്. ഇന്നലെ മണ്ഡലത്തിലെ കൊട്ടിക്കലാശമായിരുന്നു. ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം സഹോദരനും മണ്ഡലത്തിലെ മുൻ എംപിയുമായിരുന്ന രാഹുൽ ഗാന്ധിയും എത്തിയിരുന്നു. എന്നാൽ ഇന്നലെ മുതൽ അവിടെ എല്ലാവരുടെയും കണ്ണ് പതിഞ്ഞത് രാഹുലിന്റെയും പ്രിയങ്കയുടെയും മേലായിരുന്നില്ല.
അവിടെ എത്തിയ നെഹ്‌റു കുടുംബത്തിലെ പുതുതലമുറ അംഗങ്ങളായ രണ്ട് പേരായിരുന്നു അവിടുത്തെ ശ്രദ്ധാകേന്ദ്രങ്ങൾ. പ്രിയങ്ക ഗാന്ധിയുടെ മക്കളായ റൈഹാൻ വദ്രയും മിരായയുമായിരുന്നു ഇവർ. പലർക്കും ഇരുവരുടെയും വരവ് പ്രിയങ്കയുടെയും രാഹുലിന്റെയും ബന്ധത്തെ ഓർമ്മിപ്പിച്ചതിൽ ഒട്ടും ആശ്ചര്യപ്പെടാനില്ല എന്ന് വേണം പറയാൻ. നവംബർ പതിമൂന്നിന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ പത്രികാ സമർപ്പണത്തിനും നേരത്തെ പ്രിയങ്ക ഗാന്ധി, റോബർട്ട് വദ്ര ദമ്പതികളുടെ പുത്രൻ റൈഹാൻ എത്തിയിരുന്നു. എന്നാൽ ഇത്തവണ വരവ് സഹോദരിക്ക് ഒപ്പമായിരുന്നു.
നെഹ്‌റു കുടുംബത്തിൽ നിന്ന് ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ഇവർ ഇരുവരും ആയിരിക്കുമോ എന്ന ചോദ്യമാണ് ഇതോടെ അണികളും ഉയർത്തുന്നത്. 24 വയസ് പൂർത്തിയായ റൈഹാൻ വദ്ര മാതാവിന്റെ കന്നിയങ്കത്തിൽ സകല പിന്തുണയും അർപ്പിച്ചുകൊണ്ട് ഒപ്പമുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രൊഫഷണലി ഒരു വിഷ്വൽ ആർട്ടിസ്‌റ്റ് ആണ് താനെന്നാണ് റൈഹാൻ തന്റെ ബയോയിൽ അവകാശപ്പെടുന്നത്. എന്നാൽ അതിൽ ഒതുങ്ങുന്നതല്ല ഈ യുവാവിന്റെ താൽപര്യങ്ങൾ.
വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലും റൈഹാന് കമ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രദർശനങ്ങളിൽ റൈഹാൻ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇതിന് പുറമേ രണ്ട് എക്‌സിബിഷനുകൾ അദ്ദേഹം തന്നെ സംഘടിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇനി അധികം വൈകാതെ അമ്മയുടെയും അമ്മാവന്റെയും ഒക്കെ പാത പിന്തുടർന്ന് കൊണ്ട് റൈഹാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. സഹോദരൻ റൈഹാനൊപ്പം പ്രിയങ്കയുടെ രണ്ടാമത്തെ മകൾ മിരായയും വയനാട്ടിൽ എത്തിയിരുന്നു.
22കാരിയായ മിരായ ഡെറാഡൂണിലെ തന്റെ പഠനത്തിന് ശേഷം ഇൻസ്‌ട്രക്‌ടർ ലെവൽ ഡൈവിംഗ് കോഴ്‌സാണ് ചെയ്യുന്നത്. നേരത്തെ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടെ മിരായ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ കുടുംബത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ മിരായയും പങ്കാളിയാണ്. ഈ വർഷം ആദ്യം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടും റായ്ബറേലി കൈവിടാതിരിക്കാൻ വേണ്ടി രാഹുൽ ഗാന്ധി രാജി വച്ചതോടെയാണ് മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഇത്തവണ രാഹുലിന് പകരം പാർട്ടി നിയോഗിച്ചതാവട്ടെ സഹോദരിയായ പ്രിയങ്ക ഗാന്ധിയേയും. രാഹുൽ ഗാന്ധിയുടെ വിജയം ആവർത്തിക്കാനും ഭൂരിപക്ഷം വർധിപ്പിക്കാനുമാണ് പ്രിയങ്ക ഒരുങ്ങുന്നത്. ഒരു പരിധിവരെ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ ഇടത് മുന്നണിക്ക് വേണ്ടി സിപിഐ നേതാവ് സത്യൻ മൊകേരിയാണ് രംഗത്തുള്ളത്. ഇന്നലത്തെ കലാശക്കൊട്ടിൽ രാഹുലും പ്രിയങ്കയും വോട്ടർമാരെ കൈയിലെടുക്കുന്നത് പ്രകടമായിരുന്നു. റാലികളിലൂടെ ആയിരുന്നു കൂടുതലും ഇവരുടെ പ്രചാരണ പരിപാടികൾ നടന്നത്.