
ഗാസയിൽ നിന്ന് ഫലസ്തീനികളെ ആഫ്രിക്കയിലേക്ക് പിഴുതെറിയും! ട്രംപിന്റെയും നെതന്യാഹുവിന്റെയും പദ്ധതി
ഗാസയിൽ നിന്ന് ഫലസ്തീനികളെ മുഴുവനായി നാടുകടത്തി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പുനരധിവസിപ്പിക്കാനാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും പദ്ധതികളെന്ന് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസാണ് വൈറ്റ് ഹൗസിൽ നിന്നുള്ള നീക്കങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗാസയിൽ നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് മാറ്റി പാർപ്പിക്കാൻ യുഎസും ഇസ്രായേലും മൂന്ന് കിഴക്കൻ ആഫ്രിക്കൻ ഗവൺമെന്റുകളുടെ ഉദ്യോഗസ്ഥരെ സമീപിച്ചതായി അമേരിക്കൻ, ഇസ്രായേൽ ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസ്സിനോട് വെളിപ്പെടുത്തി.
സുഡാൻ, സൊമാലിയ, സോമാലിയൻ എന്നറിയപ്പെടുന്ന സോമാലിയയുടെ വിമത പ്രദേശം എന്നിവയുമായാണ് അമേരിക്കൻ ഇസ്രയേൽ ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നതെന്നാണ് റിപ്പോർട്ട്. ആഭ്യന്തര കലഹങ്ങളാലും ദാരിദ്ര്യത്താലും തകർന്ന ഈ രാജ്യങ്ങളിലേക്കാണ് ഗാസയിലെ ഫലസ്തീനികളെ ”മനോഹരമായ ഒരു പ്രദേശത്ത്” പുനരധിവസിപ്പിക്കുക എന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപിത ലക്ഷ്യം നീങ്ങുന്നത്.
എന്നാൽ അമേരിക്കയുടെ ആവശ്യങ്ങൾ തങ്ങൾ നിരസിച്ചതായാണ് സൊമാലിയയിൽ നിന്നും സൊമാലിലാൻഡിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്.
ഗാസയിലെ 2 ദശലക്ഷത്തിലധികം ആളുകളെ സ്ഥിരമായി മറ്റിടങ്ങളിലേക്ക് അയച്ച് ആ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം യു.എസ് ഏറ്റെടുക്കുമെന്നും ദൈർഘ്യമേറിയ പുനർനിർമാണ പ്രക്രിയയിലൂടെ ഒരു റിയൽ എസ്റ്റേറ്റ് പ്രോജക്റ്റായി വികസിപ്പിക്കാനുമാണ് ട്രംപിന്റെ പദ്ധതി.
ഫലസ്തീനികളുടെ കൂട്ട കൈമാറ്റം എന്ന ആശയം ഒരിക്കൽ ഇസ്രയേലിന്റെ തീവ്രദേശീയ പക്ഷത്തിന്റെ ഒരു ഫാന്റസിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ മാസം വൈറ്റ് ഹൗസ് മീറ്റിംഗിൽ ട്രംപ് ഈ ആശയം അവതരിപ്പിച്ചതുമുതൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതിനെ ‘ധീരമായ കാഴ്ചപ്പാട്’ എന്ന് വാഴ്ത്തി.
ഗാസയിലെ ഫലസ്തീനികൾ ഈ നിർദ്ദേശം നിരസിക്കുകയും പുറപ്പെടലുകൾ സ്വമേധയാ ഉള്ളതാണെന്ന ഇസ്രായേലിന്റെ അവകാശവാദം തള്ളുകയും ചെയ്തു. അറബ് രാഷ്ട്രങ്ങൾ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും ഫലസ്തീനികളെ മാറ്റിനിർത്തുന്ന ഒരു ബദൽ പുനർനിർമ്മാണ പദ്ധതി വാഗ്ദാനം ചെയ്യുകയും ചെയ്തു. പലസ്തീനികളെ നിർബന്ധിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്യുന്നത് യുദ്ധക്കുറ്റമാകുമെന്ന് അവകാശ സംഘടനകൾ പറഞ്ഞു.