തിരുവനന്തപുരം : സാലറി ചലഞ്ചിനോട് മുഖം തിരിച്ച് കെ. എൻ. ബാലഗോപാലിൻ്റെ ധനകാര്യ വകുപ്പ്. ധനകാര്യ വകുപ്പിൽ ജോലി ചെയ്യുന്ന 827 പേരിൽ സാലറി ചലഞ്ചിൽ പങ്കെടുത്തത് വെറും 322 പേർ മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഈ കാര്യം നിയമസഭയിൽ വ്യക്തമാക്കിയിരിക്കുന്നത്. സാലറി ചലഞ്ചിൽ പങ്കെടുത്തത് 39 ശതമാനം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക അടക്കം ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങൾ ബാലഗോപാൽ ധനകാര്യ മന്ത്രിയായതിനു ശേഷം തടഞ്ഞ് വച്ചിരിക്കുകയാണ്. പങ്കാളിത്ത പെൻഷൻ പുന: പരിശോധന സമിതി സമർപ്പിച്ച റിപ്പോർട്ട് ലഭിച്ചിട്ട് 3 വർഷമായിട്ടും ബാലഗോപാൽ ഒരു നടപടിയും എടുത്തിട്ടില്ല. ഇതിൻ്റെ എല്ലാം പ്രതിഷേധം സാലറി ചലഞ്ചിൽ പ്രതിഫലിച്ചു എന്ന് വ്യക്തം. ഭരണാനുകൂല സംഘടനയിൽ ഉള്ളവർ പോലും സാലറി ചലഞ്ചിൽ നിന്ന് വിട്ട് നിന്നു എന്ന് കണക്കുകളിൽ വ്യക്തം.
അതേ സമയം കഴിഞ്ഞ ദിവസം വയനാട് ദുരന്തത്തിന്റെ പേരിൽ സംഘടിപ്പിച്ച സാലറി ചലഞ്ച് തൃപ്തികരമല്ല എന്നറിയിച്ച് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുമ്പിലെത്തിയിരുന്നു. പ്രതീക്ഷിച്ച തുക സാലറി ചലഞ്ചിൽ നിന്ന് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു .ഇതിനിടെയാണ് ചില കാര്യങ്ങളിൽ നമുക്ക് ഒരുമിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത്. അതേ സമയം സാലറി ചലഞ്ചിലെ തുക പ്രതീക്ഷിച്ചത്ര ലഭിച്ചില്ലെന്നാണ് പറയുന്നതെങ്കിലും ധനവകുപ്പ് നിയമസഭയിൽ നൽകിയ കണക്ക് പരിശോധിച്ചാൽ മോശമില്ലാത്ത തുക ലഭ്യമായിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്.
2 ലക്ഷത്തി പതിനെട്ടായിരത്തി ഇരുന്നൂറ്റി ഇരുപത്തി എട്ട് പേർ പേർ സാലറി ചലഞ്ചിൽ പങ്കെടുത്തിട്ടുണ്ട്. നിയമസഭയിൽ ഐ.ബി സതീഷ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ബാലഗോപാൽ കണക്ക് വെളിപ്പെടുത്തിയത്. സർക്കാർ പ്രതീക്ഷിച്ചതിൽ 41.43 ശതമാനം പേർ മാത്രമാണ് ചലഞ്ചിൽ പങ്കെടുത്തതെങ്കിലും ഭീമമായ തുക സർക്കാരിന് ലഭ്യമായിട്ടുണ്ട്. ഒക്ടോബർ 3 വരെ സാലറി ചലഞ്ച് വഴി 78 കോടി ലഭിച്ചുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നത്.
അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ വന്ന കണക്ക് പ്രകാരം കോവിഡ് കാലത്ത് 1129.74 കോടി ദുരിതാശ്വാസ നിധിയിൽ ലഭിച്ചതിൽ ചെലവാക്കിയത് 1111.15 കോടി മാത്രം എന്നാണ് മനസ്സിലാകുന്നത്. ചെലവാക്കാതെ ഇപ്പോഴും 18.59 കോടി രൂപയുണ്ട്. പ്രളയസഹായമായി ദുരിതാശ്വാസ നിധിയിൽ 4970.29 കോടി ലഭിച്ചെങ്കിലും ചെലവാക്കിയത് 4738.77 കോടി മാത്രം. 231. 52 കോടി ആ ഇനത്തിലും ചെലവഴിക്കാതെ ദുരിതാശ്വാസനിധിയിൽ കിടക്കുന്നു.
ഇത്ര വലിയൊരു തുക ദുരിതാശ്വാസ നിധിയിലുണ്ടായിട്ടും ഇതിൽ നിന്ന് ഒരു രൂപ പോലും വയനാടിന് വേണ്ടി ചിലവാക്കാൻ ഇവിടുട്ടെ സർക്കാർ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മലയാളം മീഡിയ കൃത്യമായി റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് നൽകിയതിന്റെ പിറ്റേ ദിവസമാണ് യാതൃശ്ചികമായി സാലറി ചലഞ്ചിലെ നിരാശയറിച്ച് മുഖ്യമന്ത്രി രംഗത്ത് എത്തിയത്. അതും പോരാതെയാണ് ഇപ്പോൾ ധനവകുപ്പ് ഉദ്യോഗസ്ഥർ പോലും സാലറി ചലഞ്ചിനോട് മുഖം തിരിച്ച് ഇരിപ്പാണെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. എന്തായാലും ഇന്നല്ലെങ്കിൽ നാളെ സഹായം കിട്ടും എന്ന് പ്രതീക്ഷിച്ച് ഒരു പറ്റം ആളുകൾ വയനാട്ടിൽ ഇരിപ്പുണ്ട്. അവരെ മറന്ന് പോകല്ലേ എന്ന് മാത്രമാണ് സർക്കാരിനോട് പറയാനുള്ളത്.