എറണാകുളം : മകളുടെ ആവശ്യങ്ങൾ പരിഗണിക്കാനാകില്ല, മുൻഗണന മരണപ്പെട്ടയാളുടെ ആഗ്രഹത്തിന്. സിപിഎം നേതാവായിരുന്ന എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകാൻ ഹൈക്കോടതി. കഴിഞ്ഞ മാസം ന്യൂമോണിയ ബാധിച്ച് മരിച്ച സിപിഎം നേതാവിന്റെ മൃതദേഹത്തെ ചൊല്ലി വലിയ വിവാദങ്ങളാണ് ഉണ്ടായത് . ഒരു സിപിഎമ്മുകാരനായ ലോറൻസിന് തന്റെ മൃതദേഹം വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ടി വിട്ട് നൽകുകയാണ് വേണ്ടതെന്ന് പറഞ്ഞെന്ന് പാർട്ടിയും , അച്ഛന് വിശ്വാസമുണ്ടെന്ന് മകളും പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴി വച്ചത്.
പാർട്ടി മരണശേഷം പോലും ആരെയും വെറുതെ വിടുന്നില്ല എന്ന് പറഞ്ഞാണ് ലോറൻസിന്റെ മകൾ രംഗത്ത് എത്തിയത്. ഇതിന് ശേഷം അച്ഛന്റെ മൃതദേഹം സംസ്കാര ചടങ്ങിന് വേണ്ടി വിട്ട് നൽകാൻ ലോറൻസിന്റെ മകൾ കേസ് നൽകി. ആ കേസിലെ വിധിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ലോറൻസിന്റെ മകൾ ആശ ലോറൻസ് നൽകിയ ഹർജി കോടതി തള്ളിയിരിക്കുകയാണ്.
ലോറൻസിന്റെ ആഗ്രഹം കണക്കിലെടുത്താണ് കോടതിയുടെ ഇടപെടൽ. കഴിഞ്ഞ മാസം ആയിരുന്നു ന്യൂമോണിയ ബാധയെ തുടർന്ന് ലോറൻസ് അന്തരിച്ചത്. മരിച്ചു കഴിഞ്ഞാൽ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നൽകണം എന്ന് രണ്ട് ആളുകളോട് ലോറൻസ് പറഞ്ഞിരുന്നു. ഇത് വിശ്വാസത്തിൽ എടുത്താണ് കോടതി മകളുടെ ഹർജി തള്ളിയത് എന്ന് ഹൈക്കോടതി അറിയിച്ചു.
ലോറൻസ് രണ്ട് ആളുകളോട് പറഞ്ഞ കാര്യങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോടതി അറിയിച്ചു. ഇതോടെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ട് നൽകും. മൃതദേഹം പഠന ആവശ്യത്തിനായി വിട്ട് നൽകരുത് എന്നും മതാചാര പ്രകാരം സംസ്‌കരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ആശ ഹൈക്കോടതിയിൽ ഹർജി നൽകിയത്.