അൻവറിന് കഷ്ടകാലം കടുക്കുന്നു. ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയ നൽകിയ പരാതിയിൽ പിവി അൻവറിനെതിരെ കേസെടുത്ത് പോലീസ്. ഷാജൻ സ്‌കറിയ പ്രസിദ്ധീകരിച്ച വീഡിയോ വാർത്തയിലെ ഭാഗങ്ങൾ കട്ട് ചെയ്ത് അൻവർ പ്രചരിപ്പിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി. ഇതുപ്രകാരം ഭാരതീയ നാഗരിക സുരക്ഷ സംഹിത പ്രകാരം 196, 336 (ഐ), 340, 351 (1), 356 (1) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.
മതസ്പർദ്ധ വളർത്തൽ, വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ തുടങ്ങിയവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഇതേ ഷാജൻ സ്‌കറിയക്കെതിരെ നടപടിയെടുക്കണമെന്നും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നുമുള്ള അൻവറിന്റെ ആവശ്യം സർക്കാർ നിരാകരിച്ചുവെന്ന കാരണം പറഞ്ഞാണ് പിവി അൻവറും സിപിഎമ്മും തമ്മിൽ അകലുന്നത്. ഷാജൻ സ്‌കറിയയിൽ നിന്ന് ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങിയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും എഡിജിപി അജിത് കുമാറും ഷാജനെതിരെ കേസ് ഒതുക്കിയെന്നാണ് പിവി അൻവറിന്റെ ആരോപണം.
ഷാജൻ സ്‌കറിയക്കെതിരെ സമൂഹത്തിൽ വർഗ്ഗീയതയും മതസ്പർദ്ധയും വളർത്തുവെന്ന പരാതി പിവി അൻവറും പണ്ട് നൽകിയിട്ടുണ്ട്. അതിനെത്തുടർന്ന് മറുനാടൻ മലയാളിയുടെ ഓഫീസ് റെയ്ഡ് നടത്തുകയും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഷാജനെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. അന്വേഷണ വേളയിൽ ഒളിവിൽ പോയ ഷാജൻ സ്‌കറിയ പിന്നീട് സുപ്രീംകോടതിയിൽ നിന്ന് ജാമ്യം നേടിയാണ് വീണ്ടും പൊതുവിടങ്ങളിൽ സജീവമായത്.