
മാസപ്പടിക്കേസിൽ വീണാവിജയന് കുരുക്ക് മുറുകുന്നു; അന്വേഷണം ശക്തമാക്കി എസ്.എഫ്.ഐ.ഒ
ചെന്നൈ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ നിർണായക നീക്കം. കേസിൽ എസ്എഫ്ഐഒ വീണ്ടും വീണാ വിജയന്റെ മൊഴിയെടുത്തു. 2 വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണാ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി പണ ഇടപാട് നടത്തിയെന്നാണ് കേസ്. എട്ടുമാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ആ സമയപരിധി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണ വിജയനിലേക്ക് നേരിട്ട് അന്വേഷണമെത്തുന്നത്. മാസപ്പടി വിവാദമുണ്ടായി മാസങ്ങള്‍ക്കു ശേഷമാണ് എസ്.എഫ്.ഐ.ഒ നീക്കം. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (sfio) ഏറ്റെടുത്തത്. വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും നേരത്തെ എസ് എഫ് ഐ ഒ വിവരങ്ങൾ ശേഖരിച്ചിരുന്നു.
വീണയുടെ കമ്പനിയായ എക്സാലോജിക്കും കെഎസ്ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിഎംആർഎൽ ആർക്കൊക്കെ പണം, എന്തിനൊക്കെ പണം നൽകിയെന്നത് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ ഷോൺ ജോർജ്ജിന്റെ പ്രധാന ആവശ്യം. മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ലെന്നാണ് വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
2016-17 മുതലാണ് എക്സാലോജിക്കിനു ശശിധരന്‍ കര്‍ത്തായുടെ കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണു പണം നല്‍കിയതെന്നാണു സിഎംആര്‍എലിന്റെയും എക്സാലോജിക്കിന്റെയും വാദം. ഈ കാലഘട്ടത്തില്‍ പത്തിലധികം സ്ഥാപനങ്ങള്‍ എക്സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്എഫ്ഐഒ കണ്ടെത്തിയത്. ശശിധരന്‍ കര്‍ത്തയുടെ കൊച്ചി മിനറല്‍സ് ആന്റ് റൂട്ടെല്‍ ലിമിറ്റഡ് വീണയുടെ കമ്പനിയ്ക്ക് 1.72 കോടി രൂപ നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.