ഭോപ്പാല്‍: ഡല്‍ഹിയില്‍ നിന്ന് വന്‍ മയക്കുമരുന്ന് കണ്ടെത്തിയതിന് പിന്നാലെ ഭോപ്പാലിലും വന്‍ മയക്കുമരുന്ന് വേട്ട. ഗുജറാത്തിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) സംയുക്തമായി നടത്തിയ പരിശോധനയില്‍ മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ബഗ്രോഡ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ മയക്കുമരുന്ന് നിര്‍മ്മാണ റാക്കറ്റ് കണ്ടെത്തിയത്. റെയ്ഡിനിടെ ഏകദേശം 1,800 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോണ്‍ (എംഡി) മയക്കുമരുന്ന് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് കണ്ടെടുത്തു. ഇത് മയക്കുമരുന്ന് വേട്ടയുടെ വലിയ ഒരു ഓപ്പറേഷനാണെന്ന് സേന പറഞ്ഞു. 2,500 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരു ഷെഡിനുള്ളിലാണ് ഈ മയക്കുമരുന്ന് നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചത്. ഫാക്ടറിക്കുള്ളില്‍ നിന്ന് നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങളും കണ്ടെത്തി.
ഗുജറാത്ത് എടിഎസ് ഉദ്യോഗസ്ഥര്‍ എന്‍സിബിയുടെ സഹകരണത്തോടെയാണ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ പ്രധാന പ്രതികളെന്ന് കരുതുന്ന രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. സന്യാല്‍ പ്രകാശ് ബാനെ, അമിത് ചതുര്‍വേദി എന്നിവരാണ് അറസ്റ്റിലായത്. 2017ല്‍ സമാനമായ എംഡി മയക്കുമരുന്ന് കേസില്‍ സന്യാല്‍ പ്രകാശ് ബാനെ മുംബൈയിലെ അംബോലിയില്‍ വെച്ച് അറസ്റ്റിലായിരുന്നുവെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായി. അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിന് പുറത്തിറങ്ങിയ ഇയാള്‍ അമിത് ചതുര്‍വേദിയുമായി ചേര്‍ന്ന് നിയമവിരുദ്ധമായ മയക്കുമരുന്ന് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു.
ആറ്-ഏഴ് മാസം മുമ്പ് ഇരുവരും ബഗ്രോഡ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒരു ഷെഡ് വാടകയ്ക്കെടുത്തു, അവിടെ നിരോധിത സിന്തറ്റിക് മരുന്നായ മെഫെഡ്രോണ്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കളും ഉപകരണങ്ങളും അവര്‍ സ്വന്തമാക്കി. പ്രതിദിനം 25 കിലോ എംഡി ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറി അനധികൃത മയക്കുമരുന്ന് നിര്‍മാണത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരുന്നു. റെയ്ഡിനിടെ 907 കിലോ മെഫെഡ്രോണും 5,000 കിലോ അസംസ്‌കൃത വസ്തുക്കളും മയക്കുമരുന്ന് നിര്‍മ്മാണ ഉപകരണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു.ഗ്രൈന്‍ഡറുകള്‍, മോട്ടോറുകള്‍, ഗ്ലാസ് ഫ്‌ലാസ്‌കുകള്‍, ഹീറ്ററുകള്‍, മയക്കുമരുന്ന് രാസ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. എടിഎസ് ഗുജറാത്ത് ഇതുവരെ പിടികൂടിയ ഏറ്റവും വലിയ അനധികൃത മയക്കുമരുന്ന് നിര്‍മ്മാണ യൂണിറ്റാണിതെന്ന് അധികൃതര്‍ പറഞ്ഞു.