
ബെയ്‌റൂട്ട്; ഇസ്രായേലിൻ്റെ ശക്തമായ ആക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ല കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹിസ്ബുള്ളയുടെ ഡ്രോണ്‍ തലവനെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. മുന്‍പ് മറ്റൊരു കമാന്‍ഡറും കൊല്ലപ്പെട്ടിരുന്നു. ഇസ്രായേല്‍ ഹിസ്ബുള്ളയുമായി നിരന്തരം ഏറ്റുമുട്ടുകയാണ്. ദിനം പ്രതിയുള്ള ആക്രമണത്തില്‍ ഇസ്രായേലാണ് കൂടുതല്‍ ശക്തി പ്രാപിക്കുന്നത്. 64 കാരനായ നസ്റല്ലയുമായുള്ള ആശയവിനിമയം വെള്ളിയാഴ്ച രാത്രി മുതല്‍ നഷ്ടപ്പെട്ടിരുന്നുവെന്ന് ഹിസ്ബുള്ളയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ലോകത്തെ ഭീതിയിലാഴ്ത്താന്‍ ഹസ്സന്‍ നസ്റല്ലയ്ക്ക് ഇനി കഴിയില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.
വടക്കന്‍ ഇസ്രായേലിലേക്ക് സംഘം നടത്തിയ തീവ്രമായ റോക്കറ്റ് ആക്രമണത്തെത്തുടര്‍ന്ന് കിഴക്കന്‍, തെക്കന്‍ ലെബനനിലെ ഡസന്‍ കണക്കിന് ഹിസ്ബുള്ള സൈറ്റുകളെ ഇസ്രായേല്‍ നശിപ്പിച്ചു. ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഒറ്റരാത്രികൊണ്ട് നിലം പരിശാക്കിയ ഇസ്രായേല്‍ നിരവധി നിരവധി പാര്‍പ്പിട കെട്ടിടങ്ങള്‍ക്കും നാശം വരുത്തി. ഇസ്രായേല്‍ പൗരന്മാരെ ഭീഷണിപ്പെടുത്തുന്ന ഏതൊരാളും ഉണ്ടാകില്ലെന്ന് മനസിലാക്കുക. അവരിലേക്ക് എങ്ങനെ എത്തിച്ചേരാമെന്ന് ഞങ്ങള്‍ക്കറിയാമെന്നാണ് ഹിസ്ബുള്ള തലവന്‍രെ മരണത്തെ മുന്‍നിര്‍ത്തി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി പ്രസ്താവനയില്‍ പറഞ്ഞത്.
എന്നാല്‍ ഹിസ്ബുള്ളയില്‍ നിന്നോ ലെബനീസ് മാധ്യമങ്ങളില്‍ നിന്നോ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. 2006ല്‍ ഇസ്രയേലിന്റെ ലെബനന്‍ അധിനിവേശത്തെ തുടര്‍ന്ന് നസ്രല്ല കൊല്ലപ്പെട്ടതായി അഭ്യൂഹമുണ്ടായിരുന്നു. എന്നിരുന്നാലും, ദിവസങ്ങള്‍ക്കുശേഷം നേതാവ് പരിക്കേല്‍ക്കാതെ തിരിച്ചുവന്നു. ഹിസ്ബുള്ളയുടെ തെക്കന്‍ മുന്നണിയുടെ കമാന്‍ഡര്‍ അലി കരാകെയും മറ്റ് ഹിസ്ബുള്ള അംഗങ്ങളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറലായിരുന്ന ഹസന്‍ നസ്രല്ലയുടെ 32 വര്‍ഷത്തെ ഭരണകാലത്ത്, നിരവധി ഇസ്രായേലി സിവിലിയന്‍മാരുടെയും സൈനികരുടെയും കൊലപാതകത്തിനും ആയിരക്കണക്കിന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും കാരണക്കാരനായിരുന്നു. ലോകമെമ്പാടുമുള്ള തീവ്രവാദ ആക്രമണങ്ങള്‍ നയിക്കുന്നതും നടപ്പിലാക്കുന്നതിലും പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ് നസ്രല്ലയെന്നും ഇനി ആരെയും ഭയക്കേണ്ടതില്ലെന്നും ഇസ്രായേല്‍ പറഞ്ഞു.