News

പൊലീസിനെക്കാള്‍ പാര്‍ട്ടി ക്രിമിനലുകളാണ് പിണറായി വിജയന് വലുതെന്ന് തെളിയിക്കപ്പെട്ടു: വി.ഡി. സതീശൻ

Story Highlights
  • തലശേരി സഭവം പൊലീസിൻ്റെ ആത്മവീര്യം തകർക്കുന്നത്: ; ഉത്സവം നടക്കുമ്പോള്‍ എന്തിനാണ് ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുന്നത്?

കൊച്ചി: തലശേരിയില്‍ ബി.ജെ.പി- സി.പി.എം സംഘര്‍ഷമുണ്ടായപ്പോള്‍ ഇടപെട്ട പൊലീസിനെ സി.പി.എം ക്രിമിനലുകൾ നിലത്തിട്ട് ചവിട്ടിക്കൂട്ടി. ഈ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ സി.പി.എം നേതാക്കള്‍ ബലമായി മോചിപ്പിച്ചു. ഇപ്പോള്‍ വനിത ഉള്‍പ്പെടെ രണ്ട് എസ്.ഐമാര്‍ക്കെതിരെ നടപടി എടുത്തിരിക്കുകയാണ്. ഇത് എന്ത് പൊലീസാണ് മിസ്റ്റര്‍ പിണറായി വിജയന്‍? പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായി ഇരിക്കുമ്പോള്‍ പൊലീസ് എടുത്ത കേസില്‍ അതേ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിലൂടെ എന്ത് നീതിയാണ് നടപ്പാക്കുന്നത്. പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന സംഭവമാണ് തലശേരിയില്‍ ഉണ്ടായത്. പൊലീസിനെക്കാള്‍ വലുതാണ് സി.പി.എം എന്ന സന്ദേശമാണ് നിങ്ങള്‍ നല്‍കിയത്. – പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.

അമ്പലത്തില്‍ ഉത്സവം നടക്കുമ്പോള്‍ എന്തിനാണ് ഇൻക്വിലാബ് സിന്ദാബാദ് വിളിക്കുന്നത്. ഇപ്പോള്‍ സി.പി.എമ്മുകാര്‍ അമ്പലത്തില്‍ പോയി പുഷ്പനെ അറിയമോ എന്ന പാട്ട് പാടുകയാണ്. അക്രമം ഇല്ലാതാക്കേണ്ടത് പൊലീസിന്റെ ചുമതലയല്ലേ? നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയെയാണ് ഇവിടെയും അറസ്റ്റു ചെയ്തത്. അയാളെ വണ്ടിയില്‍ കയറ്റിയപ്പോഴാണ് നേതാക്കള്‍ ഇടപെട്ട് മോചിപ്പിച്ചത്.

ഇത് സംസ്ഥാനത്ത് എല്ലായിടത്തും നടക്കുകയാണ്. എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പൊലീസിനെ ആക്രമിക്കുന്നത്. പൊലീസിനെക്കാള്‍ പാര്‍ട്ടിയിലെ ക്രിമിനലുകളാണ് പിണറായി വിജയന് വലുതെന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതിലൂടെ കേരളത്തിന് സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം അപകടകരമാണ്.- പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.