മുഖ്യനെയും എഡിജിപിയെയും വിമർശിച്ച് സിപിഐ, സമസ്ത മുഖപത്രങ്ങൾ

മുഖ്യമന്ത്രി ഇരപിടിയന്മാര്‍ക്ക് ഒപ്പമെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം

Janayugam and Suprabhatham

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രത്യേക താൽപര്യം എടുത്ത് സംരക്ഷിക്കുന്ന എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ത്രിശൂർ പൂരം കലക്കിയ സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിക്കാതിരുന്നതില്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നെന്ന സംശയം ജനയുഗം ഉന്നയിക്കുന്നു. അജിത് കുമാർ സംഭവവികാസങ്ങളില്‍ ഇടപെടാതിരുന്നതില്‍ ദുരൂഹത ഉണ്ടെന്നും ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിമർശിക്കുന്നു.

എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയതിൽ മുഖ്യമന്ത്രി ഇരപിടിയന്മാര്‍ക്ക് ഒപ്പമെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തിലും ലേഖനമുണ്ട്. എൽഡിഎഫിലെ രണ്ടാമത്തെ പ്രധാന ഘടക കക്ഷിയായ സിപിഐയും, സമസ്തയും മുഖ്യനെതിരെ പരസ്യ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നു എന്നതും പ്രസക്തമാണ്.

പൂരം കലക്കിയ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ആശയക്കുഴപ്പങ്ങള്‍ക്ക് വഴി വക്കുന്നെന്ന തലക്കെട്ടിലാണ് ജനയുഗം രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെടാത്തത് ദുരൂഹമാണെന്നും ക്രമസമാധാന പാലനത്തിലെ അനുഭവസമ്പത്ത് പ്രശ്ന പരിഹാരത്തിന് ഉപയോഗിച്ചില്ലെന്നും ലേഖനത്തില്‍ എടുത്ത് പറയുന്നു.

റവന്യുമന്ത്രിയുടെ യാത്രാ പോലും തടഞ്ഞപ്പോൾ സുരേഷ് ഗോപിക്ക് വഴിയൊരുക്കിയതിലെ അസ്വാഭാവികതയും ലേഖനം സൂചിപ്പിച്ചു. സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി എത്തിയത് ദുരൂഹമാണെന്നും ലേഖനം പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് അനിശ്ചിതമായി പൂഴ്ത്തി വെച്ചതിലും ദുരൂഹതയുണ്ടെന്നും ലേഖനം വിമർശിക്കുന്നു.

സിപിഐ മുഖപത്രം അജിത് കുമാറിന് എതിരെയാണ് വിമർശനം ഉന്നയിച്ചതെങ്കിൽ സമസ്ത മുഖപത്രമായ സുപ്രഭാതം മുഖ്യമന്ത്രിക്കെതിരെ നേരിട്ടാണ് വിമർശനം ഉന്നയിച്ചത്. ഇരപിടിയന്മാര്‍ക്കൊപ്പം എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന കടുത്ത സ്വരത്തിലായിരുന്നു സുപ്രഭാതം എഴുതിയത്. ആരോപണവിധേയരെ ചേര്‍ത്ത് നിര്‍ത്തുന്നത് എല്‍ഡിഎഫിനെ പ്രതിസന്ധിയില്‍ ആക്കിയെന്നും സുപ്രഭാതം വിമർശിക്കുന്നുണ്ട്.

അതേസമയം പിണറായിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സമരം ശക്തമാക്കുകയാണ്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ ഇന്ന് വൈകിട്ട് സംസ്ഥാന വ്യാപകമായി പ്രതിക്ഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും. സെപ്റ്റംബർ 26 ന് കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് എതിരെ ‘കുറ്റവിചാരണ’ സദസ് ആസൂത്രണം ചെയ്തിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments