ലക്‌നൗ: ഉത്തർപ്രദേശിൽ ആറുവയസുകാരിയെ ബലാത്സംഗത്തിൽ നിന്നും കുരങ്ങുകൾ രക്ഷിച്ചതായി റിപ്പോർട്ട്. കുട്ടിയാണ് തന്നെ കുരങ്ങൻമാരാണ് രക്ഷിച്ചതെന്ന് മാതാപിതാക്കളോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അയാൾ അവളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഒരു കൂട്ടം കുരങ്ങുകൾ എത്തി പ്രതിയെ ആക്രമിക്കുകയായിരുന്നു. എന്നാൽ കുട്ടിയെ ഉപദ്രവിക്കാതെ കുരങ്ങുകൾ മടങ്ങി.രക്ഷപ്പെട്ട് വീട്ടിലെത്തിയ യുകെജി വിദ്യാർത്ഥിനി സംഭവം തൻ്റെ കുടുംബത്തോട് വിവരിക്കുകയും കുരങ്ങുകൾ എങ്ങനെയാണ് തന്നെ രക്ഷിച്ചതെന്ന് പറയുകയുമായിരുന്നു.
സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ ആ മനുഷ്യൻ എൻ്റെ മകളോടൊപ്പം ഇടുങ്ങിയ പാതയിലൂടെ നടക്കുന്നത് കാണാമായിരുന്നു. ഇയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. എന്നെ കൊല്ലുമെന്ന് അയാൾ എൻ്റെ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുരങ്ങുകൾ ഇടപെട്ടിരുന്നില്ലെങ്കിൽ എൻ്റെ മകൾ അപ്പോഴേക്കും മരിച്ചേനെയെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി.