MediaNews

ദേശാഭിമാനിയുടെ കൊലപാതകങ്ങള്‍

ജീവിച്ചിരിക്കുന്നവരെ മരിപ്പിക്കുന്നത് പാർട്ടി പത്രത്തിൻ്റെ സ്ഥിരം ശൈലി; മോഹൻലാലിന്റെ പേരില്‍ വ്യാജ അനുസ്മരണ കുറിപ്പ് പ്രസിദ്ധീകരിച്ച്, അദ്ദേഹത്തിൻ്റെ അമ്മയെ കൊലപ്പെടുത്തിയ ദേശാഭിമാനിയുടെ റസിഡൻ്റ് എഡിറ്റർ എം. സ്വരാജ് മോഹൻലാലിനോട് മാപ്പ് പറയുമോ?

ഇത്തരം പിഴവ് ദേശാഭിമാനിക്ക് ഇതാദ്യമല്ല. മാതൃഭൂമി മാനേജിംഗ് എഡിറ്ററും ജനതാദൾ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാർ ഇടതു മുന്നണിയുമായി ഇടഞ്ഞു നിൽക്കുന്ന കാലത്ത് ദേശാഭിമാനിയിൽ ‘ഭൂമി പിടിക്കാൻ മാതൃഭൂമി’ എന്നൊരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. സിപിഎമ്മിൽ വിഭാഗീയത കത്തിനിന്ന അക്കാലത്ത് വിഎസ്സിനൊപ്പമായിരുന്നു മാതൃഭൂമിയെന്നതും ഈ പരമ്പരക്ക് കാരണമായിരുന്നു.

പരമ്പരയുടെ ഭാഗമായി 2007 ജൂലൈ 15ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ എംപി വീരേന്ദ്രകുമാർ തൻ്റെ സഹോദരി എംപി സുശീലാ ദേവിയുടെ ഭൂമി തട്ടിയെടുത്തെന്നും, അവർ അർബുദ ബാധിതയായി മരിച്ചുവെന്നുമായിരുന്നു ടി.കെ.രമേശ് ബാബു എഴുതിയ വാർത്ത. പിറ്റേന്ന് മാതൃഭൂമിയിൽ സുശീലാ ദേവിയുടെ വിശദമായ പ്രസ്താവന വന്നു.

“രോഗബാധിതയായിരുന്നു എങ്കിലും ഞാനിപ്പോഴും ജീവനോടെ ഇരിക്കുന്നു എന്നതാണ് വസ്തുത. വീരേന്ദ്രകുമാറിൻ്റെ സ്നേഹപൂർണമായ പരിചരണവും അദ്ദേഹം ലഭ്യമാക്കിയ വിദഗ്ധചികിത്സയുമാണ് അതിന് കാരണം. എനിക്ക് അവകാശപ്പെട്ട സ്വത്ത് എൻ്റെ അച്ഛനും ജേഷ്ഠനും എനിക്ക് തന്നിട്ടുണ്ട്. ഞങ്ങളുടെ കുടുംബബന്ധം തകർക്കാനുള്ള ശ്രമം എന്തിന് വേണ്ടിയാണ്? ഈ പകവീട്ടലും അപവാദ പ്രചരണവും അവസാനിപ്പിക്കാൻ ദേശാഭിമാനി തയ്യാറാകണം. ഉന്നത ധാർമ്മികമൂല്യങ്ങളും പത്രപ്രവർത്തന നിലവാരവും ഞാൻ ദേശാഭിമാനി പത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല” – ഇങ്ങനെ പറഞ്ഞാണ് സുശീലാദേവി ദേശാഭിമാനിക്കെതിരെ പുറപ്പെടുവിച്ച പ്രസ്താവന അവസാനിപ്പിച്ചത്.

മാസങ്ങളായി ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ കഴിഞ്ഞവർഷം ഇടുക്കി അടിമാലി സ്വദേശികളും വയോധികരുമായ അന്നക്കുട്ടിയും മറിയക്കുട്ടിയും ചട്ടിയുമേന്തി യാചനാസമരം നടത്തിയതിനെതിരെ സ്വീകരിച്ച നിലപാടും പത്രത്തെ വല്ലാതെ പ്രതിരോധത്തിലാക്കിയതാണ്. മറിയക്കുട്ടിയുടെ മക്കൾ വിദേശത്താണെന്നും ഏക്കർ കണക്കിന് ഭൂമിയുണ്ടെന്നും സമരം തട്ടിപ്പാണെന്ന് സ്ഥാപിക്കാൻ ദേശാഭിമാനി എഴുതി. തനിക്കുണ്ടെന്ന് ദേശാഭിമാനി പറയുന്ന ഭൂമി കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് അധികാരികളെ സമീപിച്ചതോടെ വിവാദമായി. അതോടെ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി തടിയൂരി.

മാധ്യമങ്ങൾ വ്യാജവാർത്ത സൃഷ്ടിച്ച് ഇടത് സർക്കാരിനെ അവഹേളിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രിയും ദേശാഭിമാനിയും വേവലാതിപ്പെടുമ്പോഴാണ് ഇത്തരം വാർത്താവധങ്ങൾ പാർട്ടി പത്രത്തിൽ തന്നെ അടിക്കടി ഇടംപിടിക്കുന്നത്. സത്യാനന്തര കാലത്തെ മാധ്യമ പ്രവർത്തനത്തെ ക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനൽ വഴി പതിവായി സംസാരിക്കാറുള്ള സിപിഎം സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് ആണിപ്പോൾ ദേശാഭിമാനിയുടെ റസിഡൻ്റ് എഡിറ്റർ. ദേശാഭിമാനിക്ക് വാർത്തയിൽ പിഴക്കുമ്പോഴെല്ലാം അദ്ദേഹവും സമാധാനം പറയേണ്ടിവരും എന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

Leave a Reply

Your email address will not be published. Required fields are marked *