
നിയമസഭാ സെക്രട്ടറിയേറ്റിൽ ജീവനക്കാർ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു
തിരുവനന്തപുരം: നിയമസഭാ സെക്രട്ടേറിയറ്റിൽ ജീവനക്കാർ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. ചട്ടവിരുദ്ധമായ നടപടിക്കെതിരെ സ്പീക്കർക്ക് പരാതി നൽകിയ ആറ് ജീവനക്കാരെ അന്യായമായി സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ (കെ.എൽ.എസ്.എ) നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
നിയമസഭാ ലൈബ്രറിയിലെ ജീവനക്കാർക്ക് ചട്ടങ്ങൾ ലംഘിച്ച് ഇ-ഓഫീസ് ലോഗിൻ നൽകിയതുമായി ബന്ധപ്പെട്ട് സ്പീക്കറെ നേരിൽ കണ്ട് പരാതിപ്പെട്ടതിനാണ് ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. ഭരണകക്ഷി സംഘടന നൽകിയ ലിസ്റ്റ് അനുസരിച്ചാണ് സസ്പെൻഷൻ നടപ്പാക്കിയതെന്നും, ഇതിന്റെ ഫലമായി പരാതി നൽകിയ ദിവസം സ്പീക്കറെ കാണുകപോലും ചെയ്യാത്ത ഉദ്യോഗസ്ഥൻ പോലും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെട്ടതായും അസോസിയേഷൻ ആരോപിച്ചു.
ഈ അന്യായമായ നടപടിക്കെതിരെ, 18 ദിവസം മുൻപ് കെ.എൽ.എസ്.എ നോട്ടീസ് നൽകിയ രണ്ട് മണിക്കൂർ ലോഗൗട്ട് സമരത്തിന് അധികൃതർ അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് (ജൂൺ 9, 2025) ജീവനക്കാർ വായ് മൂടിക്കെട്ടി പ്രതിഷേധിക്കാൻ തീരുമാനിച്ചത്. ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമർത്തുന്ന ഭരണ-പ്രതിപക്ഷ ഭേദമന്യേയുള്ള നിലപാടിൽ ജീവനക്കാർ ശക്തമായ അമർഷം രേഖപ്പെടുത്തി.
അന്യായമായ സസ്പെൻഷൻ നടപടികൾ ഉടനടി പിൻവലിക്കണമെന്ന് കെ.എൽ.എസ്.എ ആവശ്യപ്പെട്ടു. പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി പ്രതിപക്ഷ സംഘടനയുടെ സമരം തടഞ്ഞ അധികൃതർ, ഭരണകക്ഷി സംഘടനകൾ ആഹ്വാനം ചെയ്യുന്ന ദേശീയ പണിമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങൾ നിയമസഭാ സെക്രട്ടേറിയറ്റിൽ നിരോധിക്കാൻ തയ്യാറാകുമോ എന്ന് വ്യക്തമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.