ബെംഗളൂരു: ബെംഗളൂരുവിലെ മല്ലേശ്വരം മട്ടികെരെയില്‍ തെരുവ് നായ്ക്കള്‍ക്കായി മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതി യുമായി ബെംഗളൂരു പൗരസമിതി രംഗത്ത്്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് തെരുവ് നായ്ക്കളുടെ എണ്ണം മികച്ച രീതിയില്‍ ട്രാക്ക് ചെയ്യാനും ചലനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വാക്‌സിനേഷന്‍ നിലയും എണ്ണവും പരിശോധിക്കാനും ആണ് ബെംഗളൂരു ഇത്തരമൊരു കര്‍മ പദ്ധതി നിര്‍വ്വഹിക്കുന്നത്. ബിബിഎംപിയുടെ ഹെല്‍ത്ത് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി സ്പെഷ്യല്‍ കമ്മീഷണര്‍ സുരാല്‍കര്‍ വികാസ് കിഷോറിന്റെ നേതൃത്വത്തിലാണ് ഈ സംരംഭം മുന്നോട്ട് പോകുന്നത്.
ബംഗളൂരുവിലെ മട്ടികെരെ, മല്ലേശ്വരം പ്രദേശങ്ങളില്‍ തെരുവ് നായ്ക്കള്‍ക്കായി (ബൃഹത് ബെംഗളൂരു മഹാനഗര പാലിക) (ബിബിഎംപി) ശനിയാഴ്ച പരീക്ഷണാത്മക മൈക്രോചിപ്പ് ഇംപ്ലാന്റേഷന്‍ പദ്ധതി ആരംഭിച്ചു. നായയുടെ കഴുത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുമ്പോള്‍ സെല്‍ ഫോണുകളില്‍ ഒരു ആപ്പിന്റെ സഹായത്തോടെ നായയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കാന്‍ വകുപ്പിന് കഴിയും.
ജയ്പൂര്‍, പൂനൈ, ഗോവ തുടങ്ങിയ നഗരങ്ങളില്‍ തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകളുടെ ഉപയോഗം നടക്കുന്നുണ്ടെന്ന് വെറ്റിനറി സൂപ്രണ്ട് ഡോ സരിക ഫണ്ട് പറഞ്ഞു. വന്ധ്യകരണം ചെയ്യേണ്ടുന്ന തെരുവ് നായ്കളെയും ഇതിലൂടെ അറിയാനാകും. തെരുവ് നായ്ക്കളുടെ ഉപദ്രവം പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.