കട്ടപ്പന : ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ ഏയ്‌സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നുവിദ്യാര്‍ഥികള്‍ക്കാണ് ചിക്കന്‍കറിയില്‍നിന്ന് പുഴുക്കളെ കിട്ടിയത്. മൂന്നുവിദ്യാര്‍ഥികളും ഭക്ഷ്യ വിഷബാധയേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
സ്വിമ്മിങ് അക്കാദമിയിലെ നീന്തല്‍ പരിശീലനത്തിന് ശേഷമാണ് കുട്ടികള്‍ സമീപത്തെ ഹോട്ടലിലെത്തി പൊറോട്ടയും ചിക്കന്‍കറിയും കഴിച്ചത്. ഇതിനിടെയാണ് കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടത്. ഇതോടെ മൂവരും ഛര്‍ദിച്ചു. പിന്നാലെ വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.