സംശയ രോഗത്താൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള (65) ഓട്ടോറിക്ഷയിൽ കയറി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാവിലെ പത്തരയോടെയാണ് സംഭവം.
സരസ്വതി അമ്മയുടെ കഴുത്തിൽ ചരട് മുറുക്കിയ ശേഷം വെട്ടുകത്തി ഉപയോഗിച്ച് കൊലപാതകം നടപ്പാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനു ശേഷമാണ് ഭർത്താവ് സുരേന്ദ്രൻ പിള്ള (65) ഓട്ടോറിക്ഷയിൽ കയറി പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങിയത്.
സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള മൂത്ത മരുമകളെ ഫോൺ വിളിച്ച് അറിയിച്ച ശേഷമാണ് ഓട്ടോറിക്ഷയിൽ കയറിയത്. സരസ്വതിയും സുരേന്ദ്രൻ പിള്ളയും തമ്മിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു.സുരേന്ദ്രൻ പിള്ളയ്ക്ക് സംശയരോഗമായിരുന്നെന്നും നാട്ടുകാർ പറഞ്ഞു. ഇയാൾ സരസ്വതിയെ മദ്യ ലഹരിയിൽ ഉപദ്രവിച്ചിരുന്നു. ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തേയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഇരുവരും തയ്യൽ തൊഴിലാളികളാണ്. മക്കൾ: സനൽ, സുബിൻ. മരുമക്കൾ: അശ്വതി, സാന്ദ്ര.