മഹാരാഷ്ട്ര ; കണ്ടല്‍ക്കാടുകള്‍ ഇനി സിസിടിവി നീരിക്ഷണത്തിലാവും. 120 കോടി രൂപ സംരക്ഷണ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുകയാണെന്ന് മഹാരാഷ്ട്ര വനംവകുപ്പ് അറിയിച്ചു. ബുധനാഴ്ച ഇതിനായി ടെന്‍ഡര്‍ വിളിക്കുകയും പ്രൊപ്പോസലിനായുള്ള അഭ്യര്‍ത്ഥന പുറത്തിറക്കുകയും ചെയ്തു. മുംബൈ മേഖലയിലെ കണ്ടല്‍ക്കാടുകളില്‍ നിരീക്ഷണം നടത്താന്‍ സിസിടിവി ക്യാമറ ശൃംഖല ഉടന്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
669 ക്യാമറകളും കേന്ദ്രീകൃത മോണിറ്ററിംഗ് സംവിധാനവുമുള്ള വീഡിയോ നിരീക്ഷണം മുംബൈ, താനെ, ഭിവണ്ടി, നവി മുംബൈ, പന്‍വേല്‍, ഉറാന്‍ എന്നിവിടങ്ങളിലെ 195 സെന്‍സിറ്റീവ് കണ്ടല്‍ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുക എന്നതും കൂടെ ഈ പദ്ധതിയുടെ പ്രഥമ ലക്ഷ്യമെന്ന് വനംവകുപ്പ് കണ്ടല്‍ സെല്‍ മേധാവി എസ് വി രാമറാവു പറഞ്ഞു.
കണ്ടല്‍ക്കാടുകളും തണ്ണീര്‍ത്തടങ്ങളും ഭൂമാഫിയയുടെയും അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്ന നിര്‍മ്മാണ വ്യവസായത്തിന്റെയും ആക്രമണത്തിന് വിധേയമായിരിക്കുകയാണ്. കണ്ടല്‍ക്കാടുകള്‍ ഭൂമിയ്ക്കും മനുഷ്യനും നല്ലത് പ്രദാനം ചെയ്യുന്നു. അതിനാല്‍ അവയുടെ സന്തുലിതാവസ്ഥ തടസപ്പെടുത്തരുത്. അതിനാലാണ് സിസിസിടി ക്യാമറകള്‍ സ്ഥാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.