എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, നിരവധി നടന്മാരും സിനിമാ മേഖലയിൽ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തൻ്റെ സിനിമാ ജീവിതത്തിനിടെ തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടൻ ഹരിശ്രീ അശോകൻ. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുടത്തിനിടെ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പഞ്ചാബി ഹൗസ് എന്ന ചിത്രത്തിലെ രമണൻ എന്ന കഥാപാത്രം താൻ മറന്നാലും നാട്ടുകാർ മറക്കില്ലെന്ന് ഹരിശ്രീ അശോകൻ പറയുന്നു. റാഫി മെക്കാർട്ടിൻ തന്ന സ്വാതന്ത്ര്യവും ദിലീപുമായുള്ള സൗഹൃദവുമൊക്കെയാണ് ആ കഥാപാത്രം മികച്ചതാക്കാൻ സഹായിച്ചത്. ഒരിക്കൽ തനിക്കുണ്ടായ ഒരു അപമാനത്തിൽ നിന്നും രക്ഷിച്ചതും ഇതേ രമണൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരിക്കൽ ഒരു ചടങ്ങിന് പോയപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരാൾ തന്നെ കളിയാക്കി. സംസ്ഥാന അവാർഡ് ഒന്നും കിട്ടിയില്ലേയെന്നാണ് അയാൾ പരിഹസിച്ചുകൊണ്ട് ചോദിച്ചത്. എന്നാൽ, ആ ചോദ്യം കേട്ട് അവിടെ ഉണ്ടായിരുന്ന പ്രശസ്തനായ ഒരാൾ പറഞ്ഞ മറുപടി കേട്ട് താൻ വിസ്മയിച്ചുപോയി. ഇവന് കിട്ടിയ ഓസ്കാർ അല്ലേ രമണൻ എന്നായിരഒന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. സത്യത്തിൽ ആ വാക്കുകൾ അവാർഡിനേക്കാൾ വലിയ അംഗീകാരമായിരുന്നു എന്നും ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു.