തിരുവനന്തപുരം: കൊവിഡ് കാലത്തും സംസ്ഥാനത്തെ പ്രളയസമയത്തും മികച്ച ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ഐഎഎസ് ഉദ്യോഗസ്ഥൻ വിആർ കൃഷ്ണതേജ കേരളം വിടുന്നു. കേരള കേഡറിൽ നിന്ന് ആന്ധ്ര കേഡറിലേക്ക് കൃഷ്ണതേജയെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കി. മൂന്നുവർഷത്തെ ഡെപ്യൂട്ടേഷനായാണ് ആന്ധ്രയിലേക്കുള്ള മാറ്റം. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.
ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിലേക്കാണ് വിആർ കൃഷ്ണതേജ പോകുന്നത്. കൊവിഡ് കാലത്തെ മികച്ച പ്രവർത്തനവും പ്രളയ സമയത്ത് നടത്തിയ ഇടപെടലുമാണ് നിർണായക പദവിയിലേക്ക് കൃഷ്ണ തേജയെ പരിഗണിക്കാൻ കാരണമായത്. ഗ്രാമ വികസനം, പഞ്ചായത്തുരാജ് വകുപ്പുകളുടെ ചുമതലയാണ് ആന്ധ്ര ഉപമുഖ്യമന്ത്രിയായ പവൻ കല്യാണിനുള്ളത്.
ആന്ധ്ര സ്വദേശിയായ കൃഷ്ണ തേജ പവൻ കല്യാണിൻ്റെ സ്റ്റാഫിലേക്ക് ഡെപ്യൂട്ടേഷന് പോകാൻ സംസ്ഥാന സർക്കാരിനോട് അനുമതി തേടിയിരുന്നു. സംസ്ഥാന സർക്കാർ എതിർപ്പില്ലെന്ന് അറിയിച്ചതോടെയാണ് കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത്. തൃശൂർ കളക്ടറായി ഇരുപത് മാസം പൂർത്തിയാക്കുമ്പോഴാണ് കൃഷ്ണതേജ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ കേരളം വിട്ട് സ്വന്തം നാടായ ആന്ധ്രയിലേക്ക് പോകാനൊരുങ്ങുന്നത്.
ആന്ധ്രയിലെ ഗുണ്ടൂർ സ്വദേശിയായ കൃഷ്ണതേജ 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. തൃശൂർ സബ് കളക്ടർ, ആലപ്പുഴ കളക്ടർ എന്നീ പദവികൾ കൈകാര്യം ചെയ്ത ശേഷമാണ് തൃശൂർ കളക്ടറായി ചുമതല ഏറ്റെടുക്കുന്നത്. കൊവിഡ് – പ്രളയകാലത്തെ മികച്ച പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ കളക്ടർ കൊവിഡ് കാലത്ത് മാതാപിതാക്കൾ നഷ്ടമായ കുട്ടുകളുടെ പഠനത്തിനായി സ്പോൺസർമാരെ കണ്ടെത്തിയിരുന്നു. ഏറെ ശ്രദ്ധേമായ സംഭവമായിരുന്നു ഇത്.
തൃശൂരിൽ കഴിഞ്ഞ വർഷം നേരിയ ഭൂചലനം ഉണ്ടായപ്പോൾ ജനങ്ങളുമായി സംസാരിക്കാൻ കൃഷ്ണതേജ മുന്നിലുണ്ടായിരുന്നു. ആശങ്ക വേണ്ടെന്നും ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും അറിയിച്ചിരുന്നു. മഴയുള്ള ദിവസങ്ങളിൽ അവധി ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ കമൻ്റുകൾക്ക് സമൂഹമാധ്യമങ്ങളിലൂടെ മറുപടി നൽകിയത് വൈറലായിരുന്നു.