മുതലപ്പൊഴിക്ക് 1 കോടി അനുവദിച്ച് തലയൂരി മന്ത്രിമാർ
തിരുവനന്തപുരം: മുതലപ്പൊഴിക്കാരെ ചതിച്ച മന്ത്രിമാരായ സജി ചെറിയാനേയും കെ.എൻ. ബാലഗോപാലിനേയും പ്രതിപക്ഷ നേതാവ് കയ്യോടെ പൊക്കിയതോടെ മുതലപ്പൊഴിക്ക് ഫണ്ട് അനുവദിച്ച് കെ.എൻ. ബാലഗോപാൽ. 23-24 ലെ ബജറ്റിൽ മുതലപ്പൊഴി മാസ്റ്റർ പ്ലാന് 50 ലക്ഷം രൂപ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഇതിൽ ഒരു രൂപ പോലും 23-24 സാമ്പത്തിക വർഷം നൽകിയില്ലെന്ന് പ്രതിപക്ഷ നേതാവ് തെളിവ് സഹിതം അടിയന്തിര പ്രമേയ പ്രസംഗത്തിൽ ആരോപിച്ചിരുന്നു. 24-25 ലെ നടപ്പ് സാമ്പത്തിക വർഷവും മുതലപ്പൊഴി മാസ്റ്റർ പ്ലാനിന് ബജറ്റിൽ ഒരു രൂപ പോലും വകയിരുത്തിയിരുന്നില്ല. മുതലപ്പൊഴിക്ക് പണം കൊടുത്തില്ലെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തോടെ സർക്കാർ വെട്ടിലായി.
മുഖം രക്ഷിക്കാൻ ഈ മാസം 27 ന് 1 കോടി രൂപ അധിക ഫണ്ട് മുതലപ്പൊഴിക്കായി അനുവദിച്ചു. ഈ മാസം 24 ന് മുതലപ്പൊഴി ഹാർബറിലെ അശാസ്ത്രിയ നിർമ്മാണം മൂലം നിരവധി മത്സ്യ തൊഴിലാളികൾ മരണമടയുന്നത് അടിയന്തിര പ്രമേയമായി പ്രതിപക്ഷം നിയമസഭയിൽ കൊണ്ട് വന്നിരുന്നു. ഇതിൻ്റെ വാക്കൗട്ട് പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവ് മുതലപ്പൊഴിക്ക് അനുവദിച്ച തുകയിൽ ഒരു രൂപ പോലും നൽകിയില്ലെന്ന ആരോപണം ഉന്നയിച്ചത്.
എം. വിൻസൻ്റ് എം.എൽ. എ ആയിരുന്നു അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. കടലിനെ ശാന്തമാക്കാൻ തൻ്റെ കയ്യിൽ മോശയുടെ വടിയില്ലെന്നായിരുന്നു സജി ചെറിയാൻ്റെ മറുപടി പ്രസംഗം.മുതലപ്പൊഴിയിൽ ഒന്നര വർഷത്തിന് ശേഷം ശാശ്വതമായ പരിഹാരം കാണാം എന്ന ഉറപ്പാണ് സജി ചെറിയാൻ നൽകിയത്. മോശയുടെ വടിക്ക്” നിൻ്റെ പ്രജകളെ നന്നായി നടത്തി കൊണ്ട് പോകാനുള്ള ജ്ഞാനം തരണമെന്ന “സോളമൻ്റെ പ്രാർത്ഥനയായിരുന്നു വി.ഡി സതീശൻ്റെ മറുപടി. ആ പ്രാർത്ഥന മനസിലുണ്ടെങ്കിൽ മുതലപ്പൊഴിക്ക് പരിഹാരം കാണാം എന്നും സതീശൻ കൂട്ടി ചേർത്തു.
സതീശൻ്റെ പ്രസംഗം കേട്ട് സജി ചെറിയാന് മാനസാന്തരം ഉണ്ടായി എന്ന് വ്യക്തം. മൂന്നാം ദിവസം കെ.എൻ ബാലഗോപാലിനെ കൊണ്ട് ഒരു കോടി മുതലപ്പൊഴിക്ക് വേണ്ടി അനുവദിപ്പിക്കാൻ സജി ചെറിയാന് സാധിച്ചു. നിയമസഭ ജനങ്ങൾക്ക് വേണ്ടി എങ്ങനെ ഉപയോഗിക്കണമെന്ന് വി.ഡി സതീശന് കൃത്യമായി അറിയാം എന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് മുതലപ്പൊഴിക്ക് 1 കോടി അനുവദിച്ച സർക്കാർ ഉത്തരവ്.