Loksabha Election 2024

കള്ളിയെന്നും വൃത്തികെട്ട ഭാഷയിലും അധിക്ഷേപിക്കുന്നു; നിയമപരമായി നേരിടുമെന്ന് കെകെ ശൈലജ

കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ ശക്തമായ വ്യക്തിഹത്യയും അധിക്ഷേപവും നടക്കുന്നുവെന്നും അതിനെ നിയമപരമായി നേരിടുമെന്നും വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി കെകെ ശൈലജ. കോവിഡ് കാലത്ത് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയെന്ന ആരോപണങ്ങളെക്കുറിച്ചും അതിന്റെ പേരിലുള്ള അധിക്ഷേപത്തെക്കുറിച്ചുമാണ് ശൈലജ പരാതി നല്‍കാനൊരുങ്ങുന്നത്.

1500 രൂപയ്ക്ക് മാത്രം പിപിഇ കിറ്റ് കിട്ടുന്ന ക്ഷാമകാലത്ത് പതിനയ്യായിരം കിറ്റ് വാങ്ങി ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിച്ച കാര്യത്തെയാണ് ഇങ്ങനെ കള്ളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്. ഇതില്‍ കേരളത്തിലെ ജനങ്ങളും പ്രതികരിക്കുമെന്ന് കരുതുന്നു. എന്റെ ജീവിതം ജനങ്ങള്‍ക്ക് മുന്‍പില്‍ ഒരു തുറന്ന പുസ്തകമാണ്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിക്കാം, കേസെടുക്കാം, ശിക്ഷിക്കാമെന്നും കെകെ ശൈലജ പറയുന്നു.

ലോകായുക്തയില്‍ വിശദീകരണം നല്‍കിയിട്ടും ഇപ്പോഴും വേട്ടയാടല്‍ തുടരുന്നുവെന്നാണ് മുന്‍ ആരോഗ്യമന്ത്രികൂടിയായ ശൈലജ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി അസംബ്ലിയില്‍ മറുപടി പറഞ്ഞതാണ്. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ 1,500 രൂപയ്ക്ക് പി.പി.ഇ. കിറ്റ് വാങ്ങി, നേരത്തെ 500 രൂപയ്ക്ക് വാങ്ങിയതാണെന്ന് പറഞ്ഞ് അസംബ്ലിയില്‍ ഒരു ആരോപണം ഉന്നയിച്ചപ്പോള്‍ അതിന് വളരെ വ്യക്തമായി മറുപടി നല്‍കിയതാണ്.

കോവിഡ് വന്ന് രണ്ടുമാസം കഴിഞ്ഞപ്പോള്‍ത്തന്നെ സുരക്ഷാ ഉപകരണങ്ങള്‍ മാര്‍ക്കറ്റില്‍നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങിയിരുന്നു. ചൈന കോവിഡില്‍ പൂര്‍ണമായും അടഞ്ഞതോടെയാണ് പ്രതിസന്ധി ഉണ്ടായത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് അന്ന് സ്റ്റോക്ക് ഉണ്ടായിരുന്ന കമ്പനിയില്‍നിന്ന് അത് വാങ്ങാന്‍ തീരുമാനിച്ചത്.

വില കൂടുതലാണെങ്കിലും അത് നോക്കേണ്ട, ആളുകളുടെ ജീവനാണ് വലുത് എന്നതിനാണ് പ്രാധാന്യം നല്‍കിയത്. അമ്പതിനായിരം എണ്ണത്തിനാണ് ഓര്‍ഡര്‍ നല്‍കിയെങ്കിലും കേരളത്തിന് 15,000 എണ്ണമേ കിട്ടിയുള്ളൂ.

അത് തീര്‍ന്നു തുടങ്ങിയപ്പോഴേക്കും മറ്റു കമ്പനികള്‍ മാര്‍ക്കറ്റില്‍ കിറ്റ് എത്തിച്ചുതുടങ്ങിയതോടെ വില അല്‍പം കുറഞ്ഞു. 850, 860 രൂപയ്ക്ക് കിട്ടുന്ന സാഹചര്യം വന്നു. അതോടെ 50,000 ത്തില്‍ 35,000 ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു. അവര്‍ക്ക് ഒരു തെളിവും ഹാജരാക്കാനില്ല. എന്നിട്ടും വെറുതേ പരാതി കൊടുത്തു.

പരാതി കൊടുത്ത ഉടനെ ഞാന്‍ എന്തോ അഴിമതി കാണിച്ചെന്ന് വിളിച്ചുപറയുകയാണ് ഉണ്ടായത്. അത് ആദ്യം ഞാന്‍ ഒരു തമാശയായാണ് കണ്ടത്. ജനങ്ങള്‍ അത് തള്ളിക്കളയും എന്ന് കരുതി, പക്ഷേ ഇപ്പോള്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ വീണ്ടും അതേ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ശൈലജ പറഞ്ഞു.

ഒരു സ്ഥാനാര്‍ത്ഥിയുടെയും പേര് പറയുന്നില്ല. പക്ഷേ, അവരുടെ ഗ്രൂപ്പിലുള്ള ആളുകള്‍ എന്ത് വൃത്തികെട്ട ഭാഷയാണ് എനിക്കെതിരെ ഉപയോഗിക്കുന്നത്. ചിലപ്പോള്‍ വലിയ വിഷമം തോന്നും. പിന്നെ തോന്നും ഒരു രാഷ്ട്രീയ വിരോധം വെച്ചിട്ട് അവര്‍ക്ക് വേറെ ഒന്നും പറയാനില്ലാത്തതുകൊണ്ട് പറയുന്നതല്ലേ എന്ന്. എന്തെങ്കിലും ഒന്ന് കാണുമ്പോള്‍ ഉടനേതന്നെ അതിനെതിരെ നടപടി എടുക്കേണ്ടെന്ന് കരുതിയാണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നത്. പക്ഷേ, ഇനിയും വ്യക്തിഹത്യ തുടരുകയാണെങ്കില്‍ ഒരു വസ്തുതയും ഇല്ലാതെ നടത്തുന്ന പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും ശൈലജ വ്യക്തമാക്കി.

വ്യാജ ഐ.ഡി. വെച്ചാണ് പ്രചാരണം. വ്യാജ ഐ.ഡി. ആണെങ്കിലും ഇത് ചെയ്യിപ്പിക്കുന്നവര്‍ ഉണ്ടാകും. അവര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. ഇതിനെതിരെ നിയമപരമായി നടപടികള്‍ സ്വീകരിക്കും. ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ഈ നാട്ടിലെ ജനങ്ങള്‍ പ്രതികരിക്കണമെന്നും വിശ്വസിക്കുന്നുവെന്നും കെ.കെ ഷൈലജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *