സർക്കാർ അത്ര മേൽ വെറുപ്പിച്ചു!! സർക്കാർ ജീവനക്കാരുടെ നിയമസഭ മാർച്ച്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ നിയമസഭ മാർച്ച്. കോൺഗ്രസിൻ്റെ സർവീസ് സംഘടനകളുടെ കൂട്ടായ്മയായ സെറ്റോ ആണ് നിയമസഭ മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സർക്കാർ പ്രഖ്യാപിച്ച ആന്വിറ്റി പദ്ധതിയായ ജീവാനന്ദം പിൻവലിക്കുക, തടഞ്ഞ് വച്ച് ആനുകൂല്യങ്ങൾ നൽകുക, ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിയമസഭ മാർച്ച് സംഘടിപ്പിക്കുന്നത്. മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞ് വച്ചത് ലോകസഭയിലെ വമ്പൻ തോൽവിയുടെ കാരണങ്ങളിൽ ഒന്നായി സി പി എം വിലയിരുത്തിയിരുന്നു. 2021 മെയ് മാസം അധികാരത്തിൽ വന്ന രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് 40000 കോടിയുടെ ആനുകൂല്യങ്ങൾ ആണ് ജീവനക്കാരുടെയും പെൻഷൻകാരുടെയും തടഞ്ഞ് വച്ചത്. 21 ശതമാനം ക്ഷാമബത്ത കുടിശികയിൽ 3 ശതമാനം മാത്രമാണ് അനുവദിച്ചത്. അതും തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാത്രം.

ലീവ് സറണ്ടർ പേഴ്സണൽസ്റ്റാഫിന് മാത്രം പണമായി ലഭിക്കും. സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ കിട്ടാൻ അടുത്ത ഭരണം വരെ കാത്തിരിക്കണം. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ കുടിശികയും അനന്തമായി മരവിപ്പിച്ചു. 2024 ജൂലൈ 1 മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ പോലും നിയമിച്ചില്ല. പങ്കാളിത്ത പെൻഷൻകാരെ പറഞ്ഞ് പറ്റിക്കാൻ തുടങ്ങിയിട്ട് 8 വർഷമായി.

പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ കയറിയവർ അതിനെ കുറിച്ച് പഠിക്കാൻ സമിതിക്ക് മേൽ സമിതി രൂപികരിച്ച് കളിക്കുകയാണ്. വിരമിച്ച പങ്കാളിത്തപെൻഷൻകാർക്ക് ഗ്രാറ്റുവിറ്റിയും നിഷേധിച്ചിരിക്കുകയാണ്. അതിനിടയിലാണ് ശമ്പള വിഹിതം പിടിക്കാനുള്ള ജീവാനന്ദം പദ്ധതി പ്രഖ്യാപിച്ചതും. സർക്കാർ ജീവനക്കാരുടെ സർവീസ് കാലഘട്ടത്തിലെ ഏറ്റവും ദുരിതപൂർവ്വമായ കാലഘട്ടമാണ് കടന്ന് പോകുന്നത്. പോസ്റ്റൽ വോട്ടിൽ എൽ.ഡിഎഫ് പിന്നോക്കം പോകുന്നത് അപൂർവങ്ങളിൽ അപൂർവ്വം ആണ്. ഈ ലോക സഭ തെരഞ്ഞെടുപ്പ് അതിനും സാക്ഷ്യം വഹിച്ചു.

മറ്റ് സർവീസ് സംഘടനയിലെ ജീവനക്കാർ പോലും നിയമസഭ മാർച്ചിൽ പങ്കെടുക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. രണ്ടാം പിണറായി സർക്കാർ അത്രമേൽ വെറുപ്പിച്ചു എന്നാണ് സെക്രട്ടറിയേറ്റിലെ ഇടതു ആഭിമുഖ്യമുള്ള സംഘടനയിലെ ഉന്നത ഉദ്യോഗസ്ഥൻ മലയാളം മീഡിയയോട് വെളിപ്പെടുത്തിയത്.

4 2 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments