തിരുവനന്തപുരം: പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ട്രഷറികള്‍ക്ക് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍. ജൂലൈ ഒന്നിനാണ് ട്രഷറികള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും നടക്കുന്നത്.

പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസം 6 ഗഡു (19%) അനുവദിക്കുക, ക്ഷാമാശ്വാസ/ പെന്‍ഷന്‍ പരിഷ്‌കരണ കുടിശികകള്‍ ഉടന്‍ വിതരണം ചെയ്യുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പിലെ ന്യൂനതകള്‍ പരിഹരിക്കുക എന്നിവ ആവശ്യപ്പെട്ടാണ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ പ്രതിഷേധ പ്രകടനം.

ഇതുസംബന്ധിച്ച് അസോസിയേഷന്‍ പുറത്തിറക്കിയ നോട്ടീസിലെ വാചകങ്ങള്‍ വായിക്കാം..

സംസ്ഥാന ജീവനക്കാരുടെയും സര്‍വ്വീസ് പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും 5 വര്‍ഷം കൂടുമ്പോള്‍ പരിഷ്‌കരിക്കുക എന്ന കീഴ്‌വഴക്കം 1968 മുതല്‍ സംസ്ഥാനത്ത് നടന്നുവരികയാണ്. സംസ്ഥാന ജീവനക്കാരുടെയും പെന്‍ഷന്‍ കാരുടെയും ശമ്പളവും പെന്‍ഷനും അവസാനമായി പരിഷ്‌കരിച്ചത് 2019 ജൂലായ് ഒന്നു മുതലാണ്. ഇതുവരെയുള്ള രീതിയനുസരിച്ച് 2024 ജൂലായ് ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കേണ്ടതുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച യായൊരു നടപടിയും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ജീവനക്കാര്‍ക്കും സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും 2021 ജൂലായ് മുതല്‍ ലഭിക്കേണ്ട 6 ഗഡു ക്ഷാമാശ്വാസം (19%) അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 2% ക്ഷാമാശ്വാസം അനുവദിച്ചെങ്കിലും പ്രസ്തുത ക്ഷാമാശ്വാസത്തിന്റെ 39 മാസത്തെ കുടിശ്ശിക നല്‍കാതെയുള്ള സമീപനമാണ് ഇടതു പക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത്. 2019ലെ പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ലഭിക്കാനുള്ള ക്ഷാമാശ്വാസത്തിന്റെ മൂന്നും നാലും ഗഡുക്കളും, പരിഷ്‌കരണത്തിന്റെ 4-ാം ഗഡുവും വിതരണം ചെയ്യാതെ ഇപ്പോഴും തടഞ്ഞുവച്ചിരിക്കുകയാണ്. മെഡിസിപ്പിലെ പരാതികള്‍ രണ്ട് വര്‍ഷം പിന്നിട്ടിട്ടും പരിഹരിക്കുവാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ പുതിയ ജീവാനന്ദം പദ്ധതിയിലൂടെ ജീവനക്കാരില്‍ നിന്നും തുക പിടിച്ചു വെക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഭാവിയില്‍ സര്‍വ്വീസ് പെന്‍ഷനില്‍ നിന്നും തുക പിടിച്ചുവെക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുവാന്‍ യാതൊരു മടിയുമില്ലാത്ത ഭരണകൂടമാണ് ഇപ്പോള്‍ സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മുകളില്‍ സൂചിപ്പിച്ച ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 2024 ജൂലായ് ഒന്നിന് സംസ്ഥാനത്തെ ട്രഷറികള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രകടനത്തിലും വിശദീകരണയോഗത്തിലും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പ്രസിഡന്റ് അഡ്വ. കെ.ആര്‍ കുറുപ്പും, ജനറല്‍ സെക്രട്ടറി എം.പി. വേലായുധനും ആവശ്യപ്പെട്ടു.