തിരുവനന്തപുരം: ജീവാനന്ദം പദ്ധതിയുടെ ഉത്തരവ് പുതുക്കി ഇറക്കാത്തതിൽ ജീവനക്കാർക്ക് ആശങ്ക. മെയ് 29 ന് ഇറക്കിയ ഉത്തരവ് പുതുക്കി ഇറക്കണമെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൻ്റെ ആവശ്യത്തിന് ധനവകുപ്പ് ഇതുവരെ അനുകൂല നിലപാട് സ്വികരിച്ചിട്ടില്ല.
ഉത്തരവ് ഇറങ്ങിയിട്ട് ഇന്ന് 17 ദിവസമായി. ജീവാനന്ദം പദ്ധതിയുടെ മറവിൽ സർക്കാർ ജീവനക്കാരുടെ ശമ്പള വിഹിതം പിടിക്കാനുള്ള നീക്കം മലയാളം മീഡിയ ലൈവാണ് പുറത്ത് വിട്ടത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്.
ഇതോടെ ജീവാനന്ദം പദ്ധതി നിർബന്ധമല്ലെന്നും താൽപര്യമുള്ളവർ ചേർന്നാൽ മതിയെന്നും ധനമന്ത്രി വിശദികരിച്ചു. ഇത് ഉത്തരവായി ഇറങ്ങാത്തതാണ് ജീവനക്കാരിൽ ആശങ്ക ഉളവാക്കുന്നത്. ധനമന്ത്രിയുടെ വിശദികരണത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി ഉണ്ടായതിനെ തുടർന്നാണ് ഉത്തരവ് ഇറങ്ങാത്തത് എന്നാണ് ധന വകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന.
നിയമസഭയിൽ ഉൾപ്പെടെ ജീവാനന്ദം പദ്ധതി നിർബന്ധമല്ലെന്ന നിലപാട് ബാലഗോപാൽ സ്വീകരിക്കുന്നുണ്ട്. പിന്നെ എന്താണ് ഉത്തരവ് പുതുക്കി ഇറക്കാത്തത് എന്നാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിൻ്റെ ചോദ്യം.
ജീവാനന്ദം പദ്ധതിക്കെതിരെ കോൺഗ്രസ് സർവീസ് സംഘടനകളുടെ കൂട്ടായ്മ ആയ സെറ്റോ നിയമസഭ മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂൺ 19 ന് നടക്കുന്ന നിയമസഭ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.