വിരമിച്ച പ്രൊഫസർക്ക് ഐ.എം.ജിയിൽ അനധികൃത നിയമനം. 1.50 ലക്ഷം രൂപ ശമ്പളത്തിൽ ആണ് നിയമനം. മെയ് 31 ന് ഐ.എം.ജിയിൽ നിന്ന് വിരമിച്ച ഡോ എസ് സജീവിനെയാണ് അനധികൃതമായി നിയമിച്ചത്.

സർക്കാരിൻ്റെ അനുമതി വാങ്ങാതെയാണ് നിയമനം. ധനവകുപ്പിൻ്റെ അഭിപ്രായം തേടാതെയാണ് ശമ്പളം നിശ്ചയിച്ചത്. പ്രൊഫസർമാരും അസോസിയേറ്റ് പ്രൊഫസർമാരും അടക്കം 23 അംഗ ഫാക്കൽറ്റിമാർ ഉള്ളപ്പോഴാണ് വിരമിച്ച ഉദ്യോഗസ്ഥനെ പിൻവാതിൽ നിയമനം നൽകിയത്.

പരിചയസമ്പന്നരായ ഫാക്കൽറ്റിമാരുടെ കുറവ് ഉള്ളതുകൊണ്ടാണ് ഡോ. സജീവിന് പുനർനിയമനം നൽകുന്നതെന്നാണ് ജൂൺ 6 ന് ഐ എം.ജി ഡയറക്ടർ കെ. ജയകുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഐ എം ജിയുടെ ട്രെയിനിംഗ് ഫണ്ട് സർക്കാർ വെട്ടിച്ചുരുക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം ഐ.എം.ജിയിൽ അപൂർവ്വമായാണ് ട്രെയിനിംഗ് നടക്കുന്നത്. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാതെ ശമ്പളം വാങ്ങുകയാണ് ഫാക്കൽറ്റിമാർ.

സമീപ ഭാവിയിൽ വിരമിക്കുന്നവർക്കും പുനർനിയമന ഓഫർ ലഭിച്ചിട്ടുളളതിനാൽ ഡോ. സജീവിൻ്റെ അനധികൃത നിയമനത്തിൽ കണ്ണടച്ചിരിക്കുയാണ് ഫാക്കൽറ്റിമാർ .