സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ടിന് മറുപടിയുമായി സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിൽ. സർക്കാർ ഇന്ന് മൂന്നാം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഇറക്കിയിരുന്നു. മൂന്ന് വർഷത്തെ പിണറായി ഭരണത്തിൽ ജീവനക്കാർക്ക് നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ അക്കമിട്ട് നിരത്തിയാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിൻ്റെ പ്രോഗ്രസ് റിപ്പോർട്ട്.

3 വർഷത്തെ ഭരണത്തിൽ ആകെ കിട്ടിയത് 1 ഡി എ മാത്രമാണെന്നും ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ” ജീവാനന്ദം ” പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും പ്രോഗ്രസ് റിപ്പോർട്ട് പറയുന്നു. ബല്ലാത്തൊരു പ്രോഗ്രസ് റിപ്പോർട്ട് 1/ 20, മൂന്ന് വർഷം – 1 ഗഡു ഡി.എ എന്ന തലക്കെട്ടിൽ ഇറക്കിയ പ്രോഗ്രസ് റിപ്പോർട്ട് സെക്രട്ടേറിയേറ്റിൽ ചർച്ച വിഷയമായി കഴിഞ്ഞു.

സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിൽ പുറത്തിറക്കിയ മറുപടി പ്രോഗസ് റിപ്പോർട്ട് താഴെ കൊടുക്കുന്നു:

1/20, ബല്ലാത്തൊരു പ്രോഗ്രസ് റിപ്പോർട്ട്: മൂന്നുവർഷം – 1 ഗഡു ഡി എ

എട്ടാം വർഷ പരീക്ഷയിൽ എട്ടു നിലയിൽ പൊട്ടിയ ഇടതുഭരണം സ്വന്തം പ്രോഗ്രസ് റിപ്പോർട്ടു സ്വയം സാക്ഷ്യപ്പെടുത്തി പൊതുജന സമക്ഷം പരിഹാസ്യരാവുന്നു. നാൽപത്തിയഞ്ച് ദിവസം മുമ്പ് നടത്തിയ പരീക്ഷയിൽ വാരിക്കോരി മോഡറേഷൻ കൊടുത്തിട്ടുപോലും ഇരുപതിൽ കേവലം ഒരു മാർക്ക് മാത്രം നേടിയവർ ഉജ്ജ്വലമായ പുരോഗതിയെന്ന് വലിയവായിൽ ഓരിയിടുന്നത് പ്രബുദ്ധകേരളത്തിൽ സൃഗാലസ്മരണകളുണർത്തുകയാണ്. കെടുതികളാൽ സമ്പന്നമായ രണ്ടാംവരവിലെ ദുരിതപ്പെയ്ത്തിൽ പെട്ട് ജനങ്ങളും ജീവനക്കാരും നട്ടം തിരിയുമ്പോൾ ചുവപ്പ് മഷി കൊണ്ട് കോറിയ പ്രോഗ്രസ് റിപ്പോർട്ടിൻ്റെ പുറംചട്ട പോലും പുറത്തു കാണിക്കുന്നതിന് തന്നെ അസാമാന്യ ചർമശേഷി വേണം.

അഷ്ടിക്ക് വകയില്ലാതെ അർധ പട്ടിണിക്കാരും മുഴുപട്ടിണിക്കാരുമായി ഉഴലുന്ന, ആറു മാസമായി ക്ഷേമ പെൻഷൻ കുടിശ്ശികയാക്കപ്പെട്ട ആലംബഹീനർ മുതൽ ആറു ഗഡു ക്ഷാമബത്ത നിഷേധിക്കപ്പെട്ട് പേറിവിഷൻആനുകൂല്യങ്ങൾ അട്ടിമറിക്കപ്പെട്ട് പതിനഞ്ചു മാസത്തെ ശമ്പളം കവരലിനിരയായ സർക്കാർ ജീവനക്കാർ വരെയുള്ളവർ ഇടതുഭരണത്തിന്റെ പ്രോഗ്രസ് കാർഡിന്ന് ‘കൺനിറ’യെ കാണുകയാണ്.

കമ്മിറ്റി വിളിച്ചുകൂട്ടി നവോത്ഥാനം നടപ്പിലാക്കിയത് ഒന്നാം ഭരണത്തിൻ്റെ ഒന്നാമത്തെ സംഭാവനയായിരുന്നു!
നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ ലോകത്ത് തന്നെ ആദ്യമായ് ഒരു കമ്മിറ്റി രൂപീകരിച്ചത് പുരോഗതിയുടെ തിളങ്ങുന്ന തിലകം തന്നെ. ജാതി മത അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, കുണ്ടണി കൂടോത്രം എന്നിത്യാദികളെ തുടച്ചു നീക്കുകയും ആൾ ദൈവങ്ങൾ, മാടൻ മറുത എന്നിവരെ തുരത്തുവാനുമുള്ള കർമപദ്ധതികൾ കമ്മറ്റി ആവിഷ്കരിച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ അതിന്റെ ഗുണഫലങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. പുരോഗമനവാദിയായി അവതരിച്ച് അന്ധവിശ്വാസത്തിന്‍റെ പരകോടിയിലെത്തിയ മാർക്സിസ്റ്റ് സഹയാത്രികനായ ഭഗവൽ സിംഗും സഹധർമ്മിണിയും മനുഷ്യക്കുരുതിയ്ക്കായി കളമൊരുക്കിയതും സാമ്പത്തിക അഭിവൃദ്ധിക്ക് അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച് അരുംകൊല നടത്തിയതും
അരുംകൊലകൾ നടത്തിയ ശേഷവും ഫേസ്ബുക്കിൽ ഹൈക്കൂ കവിതകളെഴുതി ഭാവവ്യത്യാസമില്ലാതെ നാട്ടിൽ വിലസി നടന്നതും നവോത്ഥാന നാമ്പുകൾ തന്നെ.

കേരളീയം മഹാമഹം –

തലസ്ഥാനത്ത് ഒരു വാരക്കാലം നീണ്ട ആഘോഷരാവുകൾ ആയിരുന്നു ഇത്. നൃത്തനൃത്യങ്ങൾ, ഡെപ്പാംകൂത്ത്, കൺകെട്ട് വിദ്യ, മുച്ചീട്ട് കളിക്കാർ മുതൽ പാമ്പാട്ടികൾ വരെ നിറഞ്ഞാടിയ ദിനങ്ങൾ കേരളത്തെ ചില്ലിട്ട് അലമാരയിൽ എടുത്ത് വയ്ക്കാൻ ആയിരുന്നു. പുട്ടടിപന്തൽ മുതൽ സെമിനാർ സ്റ്റാളുകൾ വരെ വൈവിദ്ധ്യങ്ങളിൽ ആകൃഷ്ടരായി കേരളത്തിലേയ്ക്ക് വലിയ തോതിൽ ടൂറിസ്റ്റ്കൾ എത്തുക കൂടാതെ വിദേശമൂലധനത്തിന്റെ കുത്തൊഴുക്ക് കേരളത്തിലേയ്ക്ക് പ്രവഹിക്കുകയും ചെയ്യും. അതോടെ GDP യിൽ വൻ വർധന ഉണ്ടാകും…. എന്നൊക്കെയായിരുന്നു മൊഴിമുത്തുകൾ. ഇതിനകം തന്നെ മുട്ടത്തറ, വെട്ടുറോഡ്, വിളക്ക്പാറ, പോങ്ങനാട് എന്നിവിടങ്ങളിൽ ജി ഡി പി കുതിച്ചു കയറിയത്രെ…!!

നവകേരള സദസ്സ്.. ശകടയാത്ര…

കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ചു പ്രജകളുടെ ദുഃഖ ദുരിതങ്ങൾ കണ്ടറിഞ്ഞു അറുതി വരുത്താനുള്ള ലോകത്തെ ആദ്യത്തെ മൊബൈൽ മിനിസ്ട്രി പ്രാേഗ്രാം. ഒരു ധനുമാസത്തിൽ രാഹുകാലം നോക്കി അഞ്ചാഴ്ച യാത്ര ആരംഭിക്കുന്നു… പ്രാതൽ, ഉച്ചഭക്ഷണം എന്നിവ പലയിടങ്ങളിൽ നിന്ന് തട്ടിവിട്ട് പൗരപ്രമാണിമാരുമായി പന്തീ ഭോജനം നടത്തി കേരള റോഡുകളിലൂടെയുള്ള യാത്രയിൽ മുൻകരുതലായി യാത്ര വണ്ടിയിൽ ഒരു ടോയ്ലറ്റ് കൂടി സജ്ജമാക്കിയുള്ള ദീർഘവീക്ഷണത്തെ പ്രശംസിക്കാതെ തരമില്ല! ആ നീക്കത്തിലൂടെ ശുചിത്വ കേരള സന്ദേശം കൂടി വഴിനീളെ വിളംബരം ചെയ്തതും മാസ്സ്, മാസ്സേ!!! നവ രക്ഷാ പ്രവർത്തനം യാത്രക്ക് കൊഴുപ്പേകി. ഈ ജൈത്രയാത്ര വമ്പിച്ച വിജയമായിരുന്നു എന്ന് 2024 ലോകസഭ തിരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്തുന്നു…

ഡച്ച് മാതൃക നടപ്പിലായില്ലേ..എന്തായി River room പദ്ധതി

കഴിഞ്ഞ മഴയിൽ തമ്പാനൂർ കൂടാതെ, കണ്ണമ്മൂല, ഈഞ്ചയ്ക്കൽ മുതൽ ചാക്ക വരെയും കഴക്കൂട്ടം മുതൽ ടെക്നോപാർക്ക്‌ phase II വരെയും ആൾപ്പൊക്കത്തിന്റെ അരയ്ക്കൊപ്പം വെള്ളം കയറിയല്ലോ…. “അല്ല… ഡച്ച് മാതൃക നടപ്പിലായില്ലേ..എന്തായി River room പദ്ധതി…” ഇതൊക്കെയാണ് മാളോരുടെ സംശയം…
എന്നാൽ കഠിനംകുളം കായലിൽ തുടങ്ങി പൂന്തുറയിലും കിള്ളിയാറ്റിലുമായി വന്നലച്ചു പതിയ്ക്കുന്ന ‘പാർവതി പുത്തനാറ്’ നോർവേവഴിയോ മറ്റു സ്കാൻഡിനവിയൻ രാജ്യങ്ങൾ വഴിയോ അല്ല ഒഴുകുന്നത് എന്നെങ്കിലും ഇവർ അറിയണ്ടേ…!!! എന്ന ക്യാപ്സ്യൂൾ ഉടൻ ഉത്പാദനം തുടങ്ങും.

പ്രവാസി മലയാളികൾക്ക് രോമാഞ്ചം സമ്മാനിച്ച ഭൂലോക കേരള സഭയ്ക്ക് തുടക്കം കുറിച്ച്കൊണ്ട് ഹാൾ കുറച്ചു പൈസയ്ക്ക് , ഒരു 12 കോടിക്ക് ഒന്ന് പുതുക്കി.. നിറയെ സിംഹാസനങ്ങളിട്ട് അന്തസ്സ് ഉയർത്തി വച്ചു. മൂന്ന് വട്ടം ചർച്ച ചെയ്തു ചർച്ച ചെയ്തു…. എന്നിട്ടും തീരാത്ത ചർച്ച ദുബായ് ഏരിയ കമ്മിറ്റിയിലും ലണ്ടൻ ഏരിയ കമ്മിറ്റിയിലും ന്യൂയോർക്ക് ഏരിയ കമ്മിറ്റിയിലും ചർച്ച ചെയ്തു. കമ്മിറ്റി കൂടിയ ലണ്ടൻ, ന്യൂയോർക്ക് പ്രദേശങ്ങൾ അന്നേ ദിവസങ്ങളിൽ കുത്തക ബൂർഷ്വാ സാമ്രാജിത്വ പ്രദേശങ്ങളുടെ പരിധിയിൽ വരില്ല എന്ന് തൊഴിലാളികളെ ആശ്വസിപ്പിച്ചു.

എട്ട് വർഷത്തിനിടയിൽ ആത്മഹത്യ ചെയ്തത് എൺപതിൽപരം പോലീസുകാർ എന്നത് തന്നെ കേരള നാടിൻ്റെ പുരോഗതിയുടെ അടയാളപ്പെടുത്തലാണ്. കാലിയായ സപ്ലൈകോയും അവതാളത്തിലായ അവശ്യസാധന വിതരണവുംഅടിക്കടിയുള്ള വൈദ്യുതി നിരക്ക് വർധനയും അറുതിയില്ലാത്ത ധൂർത്തും അപ്രഖ്യാപിത നിയമന നിരോധനവും പ്രോഗ്രസ് റിപ്പോർട്ടിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നതിൽ ബേജാറാവണ്ട. അരിക്കും പച്ചക്കറിക്കും പലവ്യഞ്ജനത്തിനും കൊളള വിലയും ഉപ്പു തൊട്ട് കർപ്പൂരം വരെ തീവിലയും ആയപ്പോൾ അടുക്കളകളിൽ പുകയുന്ന വീട്ടമ്മമാരുടെ വേവലാതികൾ കാർഡിൽ കാണാതിരുന്നതിൽ കുറ്റം പറയരുത്.
വിലനിയന്ത്രണം നോക്കുകുത്തിയായതും വിലക്കയറ്റത്തിന് ശരവേഗം പ്രാപിച്ചതും കാർഡിൽ കയറാൻ സമയമെടുക്കും.

കെ-ടാക്സ് രാജിലൂടെ 5000 കോടിയുടെ അധിക നികുതി അടിച്ചേൽപിച്ച്, പെർമിറ്റ് ഫീസ് 20 മടങ്ങ് വർധിപ്പിച്ച്, ഡീസലിനും പെട്രോളിനും ലിറ്ററിന് 2 രൂപ അധിക സെസ് ഏർപ്പെടുത്തി, വെള്ളക്കരം പല മടങ്ങാക്കി മൂന്നരക്കോടി ജനതയുടെ മേൽ ഇടതുഭരണം തീമഴയായി പെയ്തിറങ്ങിയതല്ല, മറിച്ച് കരുതലിൻ്റെ കാവൽ സൂര്യൻ പ്രശോഭിച്ചതാണ്.

ശമ്പളം മുടങ്ങിയതും ക്ഷേമ പെൻഷൻ 7 മാസം മുടങ്ങിയതും ജീവനക്കാർക്കും പെൻഷൻകാർക്കും 6 ഗഡു ഡി എ (19%)കുടിശ്ശികയായതും അഞ്ചു മാസത്തെ ലീവ് സറണ്ടർ കവർന്നതും പുരോഗതി തന്നെ. 2016 ൽ 157370 കോടി രൂപയായിരുന്ന കേരളത്തിൻ്റെ സർവകാല പൊതുകടം 2024 ൽ 4 ലക്ഷം കോടി രൂപ കവിഞ്ഞത്. രോഗാതുരമായ സാമ്പത്തിക നിലയുടെ ഭീതിദമായ അവസ്ഥയേ അല്ല. 8 വർഷം കൊണ്ട് രണ്ടര ഇരട്ടിയിലധികമായി കടം വർധിപ്പിച്ചത് ചില്ലറ നേട്ടമല്ല.

സൗജന്യ അരി നിര്‍ത്തലാക്കിയതും കാരുണ്യപദ്ധതി ഇല്ലാതാക്കിയതും പ്രോഗ്രസ് റിപ്പോർട്ടിൽ കയറിപ്പറ്റാനുള്ള യോഗ്യത കൈവരിച്ചിട്ടില്ല. കേരളത്തിൻ്റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 40% ആയതും റവന്യു കമ്മി 2022-23ൽ 22968 കോടി,ധനക്കമ്മി 2022-23 ലെ 39116.62 കോടി,ധനക്കമ്മി – ജി എസ് ഡി പി അനുപാതം 4.17% ആയതും സ്ഥലപരിമിതി മൂലം വിട്ടു പോയതാണ്. മലയാളിയുടെ ആളോഹരി കടം 5 വർഷം കൊണ്ട് ഇരട്ടിയിലധികമാക്കി ഒന്നാം പിണറായി സർക്കാർ പൂർത്തിയാക്കുമ്പോൾ അത് 105000 രൂപയായി ഉയർന്നതും അഭിമാനാർഹം.!

കാർഷിക മേഖലയിൽ ഉയരുന്ന നിസ്സഹായതയുടെ നിലവിളികളും കടക്കെണികാരണമുള്ള കർഷക ആത്മഹത്യകളും പ്രസിദ്ധീകരണയോഗ്യമല്ലല്ലോ. കെട്ടി വലിച്ചിരുന്ന കെ എസ് ആർ റ്റി സിയെ പുരോഗമനത്തിൻ്റെ പറുദീസയിൽ കട്ടപ്പുറത്താക്കുകയും ബസ് പുല്ലുവളർത്തൽ കേന്ദ്രങ്ങളാക്കുകയും ചെയ്തു.

എട്ടാണ്ടിനിടയിൽ ഖജനാവിലേക്ക് മുതൽക്കൂട്ടിയത് 65മാസത്തെ ഡി എ കുടിശ്ശികയായിരുന്നു എല്ലും തോലുമായ ശമ്പള പരിഷ്ക്കരണം നടപ്പാക്കിയതുംസർവീസ് വെയ്റ്റേജ്,സി സി എ, എച്ച് ബി എ എന്നിവ അട്ടിമറിച്ചതും ആശ്രിതനിയമനം അടപടലം തകർക്കാൻ മുതിർന്നതും ബഹുമതിയായി പറയുന്നില്ലെങ്കിലും പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പണയപ്പെടുത്തി 3511 കോടി രൂപ കടമെടുത്തത് നേട്ടത്തിൻ്റെ കൂട്ടത്തിൽ കൂട്ടാമായിരുന്നു.

ഡി.എയും ഡി എ കുടിശ്ശികയും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും നൽകാതെ 40000 കോടി രൂപ തടഞ്ഞുവച്ചതു് കരുതലിനെന്നേ കരുതാനാകൂ! വേണമെങ്കിൽ കുടിശ്ശിക കിട്ടാതെ മരണമടഞ്ഞ 80000 പെൻഷൻകാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കും!!!

പങ്കാളിത്ത പെൻഷൻ പുന:സ്ഥാപിക്കുമെന്ന വാഗ്ദാനം അറബിക്കടലിൽ ആഴ്ന്നെങ്കിലും വർഷങ്ങളെടുത്ത് പഠനവും കമ്മിറ്റി നിയമനവും റിക്കാർഡുകൾ തകർക്കുന്ന പുതിയ പെൻഷൻ പദ്ധതി എന്ന തട്ടിപ്പ് പ്രഖ്യാപനവും വന്നിട്ടുണ്ട്.

K ഫോൺ, സൗജന്യ അതിവേഗ ഇന്റർനെറ്റ്‌, കോകോനിക്സ് കമ്പ്യൂട്ടർ എന്നിവ സെക്രട്ടറിയറ്റ് മുതൽ അംഗനവാടി വരെ നടപ്പിലാക്കാൻവേണ്ടി ഇതിനകം കോടികൾ ചിലവിട്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ അവ പ്രാവർത്തികമായിട്ടില്ല എന്ന് മാത്രം. അതിന് പകരം മദ്യ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിനായി ബാറുകൾ, ബിവ്‌കോ ഔട്ട്ലെറ്റ്‌കൾ എന്നിവ ധാരാളം തുറന്നു കഴിഞ്ഞു.പുഷ്പങ്ങളും ശലഭങ്ങളും അറിയാതെ തന്നെ പരാഗണം നടക്കുന്നതുപോലെ.
മഹാ കുടിയൻമാരായ ബ്രിട്ടീഷുകാർ, അമേരിക്കക്കാർ, ഇറ്റലിക്കാർ, ഓസ്ട്രേലിയക്കാർ തുടങ്ങിയവർ ഇത് കണ്ടു കേരളത്തിലേയ്ക്ക് കുതിച്ചെതുകയും തദ്വാരാ ടൂറിസം വികസനം നടക്കുകയും ചെയ്തു.

ജീവനക്കാരുടെ കാര്യത്തിലാകട്ടെ നേടിയെടുത്ത ഒരവകാശവും നിഷേധിച്ചിട്ടില്ല.., പകരം പരണത്തു വച്ചു.ശമ്പളപരിഷ്കരണ കുടിശ്ശിക നൽകില്ല എന്ന് പറഞ്ഞിട്ടേയില്ല!!! ക്ഷാമബത്തകുടിശ്ശികയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ രീതിയെ കേരളം അനുകരിയ്ക്കാൻ തയ്യാറേ അല്ല !!! മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ്ന് നിരോധനം ഏർപ്പെടുത്തിയിട്ടില്ല എങ്കിലും അതിന് വേണ്ടിയുള്ള രേഖകൾ തയ്യാറാക്കി നെട്ടോട്ടം ഓടിയാൽ അത് പെൻഡിങ്ങിൽ വച്ചുകൊണ്ട് ജീവനക്കാരെ മെഡിസെപ്പ് വഴി 500 രൂപ വീതം അവരിൽ നിന്ന് പ്രതിമാസം ഈടാക്കിക്കൊണ്ട് അവരെ സ്വന്തം നിലയിൽ പണം കണ്ടെത്തി ചികിത്സ തേടാനുള്ള സ്വാതന്ത്ര്യം സർക്കാർ നൽകിക്കഴിഞ്ഞു.

ജീവനക്കാരുടെതായുള്ള, നാളിതുവരെ നേടിയെടുത്ത അവകാശങ്ങൾക്കൊപ്പം മുതൽചേർക്കാൻ പറ്റിയ ഐറ്റം മെയ് 29 ന് ഉദയം കൊണ്ടിട്ടുണ്ട്. – ‘ജീവാനന്ദം’. ഇത് മെഡിസെപ്പിൻ്റെ തന്നെ കുറച്ചു കൂടി കൂടിയ ഇനമാണ്. മെഡിസെപ്പിൻ്റെ ന്റെ ഉഗ്രഗുണങ്ങൾ ഇതിനകം തന്നെ പലർക്കും ബോധ്യപ്പെട്ടിട്ടുണ്ടല്ലോ. ബോധ്യം വരാത്തത് അതുമായി ഹോസ്‌പിറ്റലിൽ പോകാത്തവർക്ക് മാത്രമാണ്.

ഈ ഉത്തരവിൽ കയറ്റി വച്ചിരിക്കുന്ന രണ്ടു താക്കോൽ വാക്കുകൾ ശ്രദ്ധേയമാണ്. ആന്വിറ്റിയും ആക്ച്വറിയും.. അടയ്‌ക്കേണ്ട പ്രീമിയം തുകയും മറ്റു ചുങ്കങ്ങളും നിശ്ചയിക്കുന്ന മാമനാണ് ആക്ച്വലി ഈ ‘ആക്ച്വറി’ എന്ന പഹയൻ.. നമ്മളറിയാതെ നമ്മൾ എത്ര പണ്ടാരടങ്ങി കൊടുക്കണം എന്ന് തീരുമാനിക്കാൻ ഓനെ ചട്ടം കെട്ടി ചാർത്ത് കൊടുത്തുകഴിഞ്ഞു എന്ന് ഇതിൽ തന്നെ എഴുതി വച്ചിട്ടുള്ളത് നമ്മൾ ഇപ്പോഴല്ലേ കാണുന്നത്? അറിയുന്നത്…

മെഡിസെപ്പ് നിർബന്ധം ആക്കിയിട്ട് ഒരു പല്ലിന്റെ ആശുപത്രിയെപ്പോലും വരുതിയ്ക്ക് നിർത്താൻ അത് നടപ്പാക്കിയവർക്ക് കഴിഞ്ഞിട്ടുണ്ടോ? ചോദ്യങ്ങൾ അവസാനിക്കുന്നില്ല.

140 ൽ പത്തൊമ്പത് നിയമസഭാ മണ്ഡലങ്ങളിൽ മുന്നേറ്റപാതയിലെത്തിയാണ് പ്രോഗ്രസ് കാർഡ് പുറത്തിറക്കുന്നത്. സ്വയം കൃതനാർത്ഥം 121 മണ്ഡലങ്ങളിൽ തോറ്റമ്പിയ ശേഷമുള്ള ചരമോപചാര രേഖയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ഇന്ത്യാ സഖ്യത്തിനുണ്ടായ മികച്ച പ്രകടനവും കേരളത്തിൽ യു ഡി എഫിനുണ്ടായ ത്രസിപ്പിക്കുന്ന വിജയവും ചരിത്രത്തിൻ്റെ ചുവരെഴുത്തും ചൂണ്ട് പലകയുമാണ്.