ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏഴാംഘട്ട പോളിങ്ങും അവസാനിക്കുന്നതോടെ പുറത്തുവരാനിരിക്കുന്ന എക്‌സിറ്റ് പോള്‍ ചർച്ചകള്‍ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്. മാധ്യമങ്ങളിലെ എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് എ.ഐ.സി.സി. മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍ പവന്‍ ഖേര അറിയിച്ചു.

വോട്ടെടുപ്പ് പൂര്‍ത്തിയായി, വിധി നിശ്ചിതമാണ്. ജൂണ്‍ നാലിന് ഫലം വരും. അതിനുമുമ്പ് നടക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങിനുവേണ്ടിയുള്ള ഊഹാപോഹങ്ങളിലും മുഷ്ടിയുദ്ധത്തിലും പങ്കാളിയാവാന്‍ ഒരുകാരണവും കാണുന്നില്ല- പവന്‍ ഖേര എക്‌സില്‍ കുറിച്ചു.

സംവാദങ്ങളുടെ ലക്ഷ്യം ജനങ്ങളെ അറിയിക്കുക എന്നതാണ്. ജൂണ്‍ നാലുമുതല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴാംഘട്ട വോട്ടിങ് പൂര്‍ത്തിയാവുന്നതോടെ ശനിയാഴ്ച വൈകീട്ട് ആറുമണിമുതല്‍ വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നുതുടങ്ങും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.