ആലപ്പുഴ : ആലപ്പുഴയിലെ സിപിഎമ്മിൽ വിഭാ​ഗീയത ശക്തമാകുന്നതിന് ഒരു തെളിവ് കൂടെ. സിപിഎമ്മുകാരനായ പ്രസിഡന്റിനെതിരെ രാമങ്കരി പഞ്ചായത്തിൽ സിപിഎം അംഗങ്ങൾത്തന്നെ കൊണ്ടുവന്ന അവിശ്വാസം പാസായി. അവിശ്വാസം പാസായതോടെ പ്രസിഡന്റ് രാജേന്ദ്രകുമാർ പഞ്ചായത്ത് അംഗത്വം രാജിവച്ചു. 4 സിപിഎം അംഗങ്ങളും 4 കോൺഗ്രസ് അംഗങ്ങളുമാണ് അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്. പ്രസിഡന്റ് രാജേന്ദ്രകുമാറും മറ്റു 4 സിപിഎം അംഗങ്ങളും എതിർത്തു വോട്ട് ചെയ്തു.

അതേസമയം അവിശ്വാസം കൊണ്ടുവന്നതു പാർട്ടി അറിഞ്ഞല്ലെന്നും നോട്ടിസ് നൽകിയ അംഗങ്ങൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നു സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.സലിം കുമാർ പറഞ്ഞു. അവിശ്വാസത്തിൽ വോട്ട് ചെയ്യുന്നതു സംബന്ധിച്ച വിപ്പ് നൽകിയത് ആരെന്നതിനെപ്പറ്റി പ്രാദേശിക നേതാക്കൾ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

സിപിഎമ്മുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി രാജേന്ദ്ര കുമാർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം, കൊടിക്കുന്നിൽ സുരേഷിനു വോട്ട് മറിച്ചെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. കുട്ടനാട്ടിലെ സിപിഎം വിഭാഗീയതയുടെ ഭാഗമായി, ഏറെനാളായി രാജേന്ദ്ര കുമാർ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. ഒട്ടേറെ പ്രവർത്തകർ ഇവിടെ പാർട്ടി വിട്ടു സിപിഐയിൽ ചേരുകയും ചെയ്തിട്ടുണ്ട്.