News

ഊട്ടി, കൊടൈക്കനാല്‍ സന്ദര്‍ശനത്തിന് നിയന്ത്രണം; ഇ-പാസ് നിര്‍ബന്ധമാക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഊട്ടി, കൊടൈക്കനാല്‍ സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് ഏര്‍പ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.

ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നീലഗിരി, ദിണ്ഡിഗല്‍ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇ പാസ് വിതരണത്തിനുള്ള സഹായങ്ങള്‍ ഏര്‍പ്പെടുത്താന്‍ തമിഴ്‌നാട് സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചു. വര്‍ദ്ധിച്ച ചൂടും അനിയന്ത്രിതമായ ടൂറിസ്റ്റുകളുടെ സന്ദര്‍ശനവും കാരണമാണ് യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിലെ ആളുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ദിവസേന 300 ബസുകള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ വാഹനങ്ങള്‍ ഊട്ടി സന്ദര്‍ശിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

കനത്ത ചൂട് കാരണം ജലദൗര്‍ലഭ്യതയും ശുചിത്വപ്രശ്‌നങ്ങളും ഊട്ടി കൊടൈക്കാനാല്‍ കേന്ദ്രങ്ങളില്‍ വെല്ലുവിളിയായിരുന്നു. വിനോദസഞ്ചാരികളെ സംബന്ധിച്ച് നിരാശാജനകമാണ് നിലവിലെ ഊട്ടിയിലെ കാലാവസ്ഥ. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കനത്ത ചൂട് കാലത്ത് കുളിര് തേടിയാണ് ഊട്ടിയിലെത്തുന്നത്. എന്നാല്‍ ഊട്ടിയില്‍ ഇപ്പോള്‍ പതിവുള്ള തണുപ്പില്ല. അതേസമയം ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കില്‍ കുറവില്ല. ഊട്ടിയിലെ പ്രശസ്തമായ വാര്‍ഷിക പുഷ്പ്പോത്സവം മെയ് 10ന് തുടങ്ങും. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ 10 ദിവസം നീളുന്ന പുഷ്പ്പോത്സവം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് സംഘടിപ്പിക്കുന്നത്.

തമിഴ്‌നാട്ടിലെ പല ജില്ലകളിലും ഉഷ്ണതരംഗമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില സാധാരണയേക്കാള്‍ 5 ഡിഗ്രി വരെ ഉയര്‍ന്നു. ഈറോഡ്, ധര്‍മപുരി തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. അല്‍പ്പം തണുപ്പ് തേടിയാണ് സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ളവര്‍ ഊട്ടിയിലോ കൊടൈക്കനാലിലോ എത്തുന്നത്. പക്ഷേ നിലവില്‍ ഊട്ടിയിലും ചൂട് കൂടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *