
കോയി ഫ്യൂച്ചർ പ്ലാൻ ഹേയ് നഹി, ജോ ചൽ രഹാ ഹേയ് ചലേഗാ (ഭാവിയെക്കുറിച്ച് പ്ലാനിങ് ഒന്നുമില്ല, നടക്കുന്നത് പോലെ നടക്കട്ടേ) രോഹിത് ശർമയുടെ വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. ചാമ്പ്യൻസ് ട്രോഫി നേട്ടത്തിൽ നിന്നുകൊണ്ടായിരുന്നു രോഹിത്തിന്റെ ഈ വാക്കുകൾ.
കഴിഞ്ഞദിവസം ജിയോ ഹോട്‌സ്റ്റാറിൽ നൽകിയ അഭിമുഖത്തിലും ഇതിന് സമാനമായ മറുപടി തന്നെയാണ് നൽകിയത്. അതിങ്ങനെയായിരുന്നു. ‘നിലവിൽ, കാര്യങ്ങൾ വരുന്നതനുസരിച്ച് ഞാൻ മുന്നോട്ട് പോകുന്നു. ഒരു സമയത്ത് ഒരു സ്റ്റെപ്പ് എന്നതാണ് രീതി. വളരെയധികം മുന്നോട്ട് ചിന്തിക്കുന്നത് എനിക്ക് ശരിയാകില്ല. ഇപ്പോൾ നന്നായി കളിക്കുന്നതിലും ശരിയായ മാനസികാവസ്ഥ നിലനിർത്തുന്നതിലുമാണ് എന്റെ ശ്രദ്ധ. 2027 ലോകകപ്പിൽ ഞാൻ കളിക്കുമോ ഇല്ലയോ ഉറപ്പിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല’.
എന്നിരുന്നാലും, 2027 ലോകകപ്പ് വരെ തന്റെ കരിയർ നീട്ടാൻ രോഹിത് ശർമ്മ ഇതിനകം പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ‘കാര്യങ്ങൾ പദ്ധതി അനുസരിച്ച് നടന്നാൽ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഐസിസി ഇവന്റിന് ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കാം,’ ക്രിക്ക്ബസിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.
2025 മുതൽ 2027 ലോകകപ്പ് വരെ, ഇന്ത്യ 27 ഏകദിനങ്ങൾ കളിക്കുമെന്നാണ് കണക്കുകൾ. ചിലപ്പോൾ കൂടുതൽ മാച്ചുകളും ഉണ്ടായേക്കാം. ഈ മത്സരങ്ങളെ ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പായാണ് രോഹിത് കാണുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് രണ്ട് മാസത്തിനുള്ളിൽ 38 വയസ്സ് തികയും, 2027 ഏകദിന ലോകകപ്പ് ആരംഭിക്കുമ്പോൾ അദ്ദേഹത്തിന് 40 വയസ്സാകും.. റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിലവിലെ അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരുമായി രോഹിത് ശർമ്മ ഫിറ്റ്‌നസ്, ബാറ്റിംഗ് രീതികൾ തുടങ്ങിയവ കേന്ദ്രീകരിച്ച് പരിശീലനം ആരംഭിക്കും.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വളരെ ബഹുമാനിക്കുന്ന ഒരു പരിശീലകനാണ് നായർ. ദിനേശ് കാർത്തിക് മുതൽ കെഎൽ രാഹുൽ വരെ എല്ലാവരും അദ്ദേഹത്തിന്റെ രീതികളെ പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹം രോഹിത് ശർമ്മയുടെ മുൻ സഹതാരമാണ്.
അദ്ദേഹത്തിന്റെ ടെസ്റ്റ് ഭാവിയെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ രോഹിത് ശർമ്മയുടെ പ്രകടനം ഒട്ടും മികച്ചതായിരുന്നില്ല. ജൂണിൽ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നതിൽ ഐപിഎല്ലിലെ അദ്ദേഹത്തിന്റെ ഫോം നിർണായകമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐപിഎൽ കഴിയട്ടെ ആദ്യം. ഒരു ജ്യോതിഷിക്ക് മാത്രമേ ഭാവിയിലേക്ക് ഇത്രയും ദൂരം ചിന്തിക്കാൻ കഴിയൂ.