പാലക്കാട് : കോൺഗ്രസ് നേതാവ് രാഹുലിനെതിരായ അധിക്ഷേപ പരാമർശത്തിൽ പിവി അൻവർ എംഎൽഎയ്‌ക്കെതിരെ കേസ്. മണ്ണാർക്കാട് കോടതിയുടെ നിർദേശ പ്രകാരം നാട്ടുകൽ പൊലീസാണ് കേസെടുത്തത്. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കൽ, ജനപ്രാതിനിധ്യ നിയമ വകുപ്പ് ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സ്വദേശിയായ അഡ്വക്കേറ്റ് എം ബൈജു നോയൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതേ തുടർന്നാണ് നടപടി.
പാലക്കാട് എടത്തനാട്ടുകരയിൽ എൽഡിഎഫ് സംഘടിപ്പിച്ച പ്രചാരണ റാലിക്കിടെയായിരുന്നു രാഹുലിനെതിരായ വിവാദ പ്രസംഗം. ഇതിന് പിന്നാലെ കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അൻവറിനെതിരെ രംഗത്തെത്തിയിരുന്നു. അൻവറിനെ സിപിഎം കയറൂരി വിട്ടിരിക്കുകയാണെന്നും ഇത്ര മ്ലേച്ഛകരമായി സംസാരിക്കാൻ ഒരു എംഎൽഎയ്‌ക്ക് എങ്ങനെ കഴിയുന്നുവെന്നും കെസി വേണുഗോപാൽ ചോദിച്ചിരുന്നു.
പിണറായിയെ എന്തുകൊണ്ടാണ് ജയിലിൽ അടയ്‌ക്കാത്തതെന്ന രാഹുലിന്റെ ചോദ്യം വാർത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അൻവർ പ്രതികരിച്ചത്. രാഹുൽ പേരിനൊപ്പമുളള ഗാന്ധി എന്ന് കൂട്ടി ഉച്ചരിക്കാൻ പറ്റാത്ത നാലാംകിട പൗരനായി മാറി. നെഹ്‌റു കുടുംബത്തിന്റെ ജെനിറ്റിക്‌സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ?. ആ കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് താൻ. യാതൊരു തർക്കവുമില്ല ഇങ്ങനെയായിരുന്നു അൻവറിന്റെ വാക്കുകൾ.