തിരുവനന്തപുരം: 39 മാസത്തെ ഡിഎ കുടിശിക നിഷേധത്തിനെതിരെ ജീവനക്കാരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കവര്‍ന്നെടുക്കുന്നതിനെതിരെ പ്രതിഷേധവുമായി സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍. ഏപ്രില്‍ 20ന് ശനിയാഴ്ച്ച നട്ടുച്ചക്ക് 12ന് സെക്രട്ടേറിയറ്റിന് മുന്നിലാണ് പ്രതിഷേധത്തിന്റെ പകല്‍പന്തം സംഘടിപ്പിക്കുന്നത്.

പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം യാഥാര്‍ത്ഥ്യമാക്കേണ്ട സാഹചര്യത്തില്‍പോലും ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിനോ പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുവാനോ ഈ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. എന്നുമാത്രമല്ല ചെയ്ത ജോലിയുടെ കൂലി കിട്ടണമെങ്കില്‍ അങ്ങേയറ്റത്തെ സമരമുറയിലേക്ക് ജീവനക്കാരെ തള്ളിവിടുന്ന വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരെന്നും വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

മതിയായി ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും

കേന്ദ്രത്തിന്റെ ഗ്യാരണ്ടികളും സംസ്ഥാനത്തിന്റെ ഉറപ്പുകളും എല്ലാം വെറും പാഴ്-വാക്കുകളായിരുന്നു എന്ന് ജനം ഇപ്പോള്‍ തിരിച്ചറിയുകയാണ്. കഴിഞ്ഞ 10 വര്‍ഷം ഭരിച്ച കേന്ദ്രസര്‍ക്കാര്‍ ദേശീയതയെ മറയാക്കി ഭിന്നിപ്പിന്റെ രാഷ്ട്രീയം വിതച്ച്, ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ മറക്കാന്‍ പഠിപ്പിക്കുമ്പോള്‍, 8 വര്‍ഷമായി അധികാരത്തിലിരിക്കുന്ന, സംസ്ഥാന സര്‍ക്കാര്‍ ഭരണത്തില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും കൊടികുത്തി വാഴുകയാണ്. സിവില്‍ സര്‍വ്വീസ് മേഖലയിലാകട്ടെ, ജീവനക്കാരുടെയും അധ്യാപകരുടെയും കാലാകാലങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന സകല ആനുകൂല്യങ്ങളും കവര്‍ന്നെടുത്തുകൊണ്ട് സ്വേച്ഛാധിപത്യ നിലപാടുകളുമായി മുന്നോട്ടുപോകുന്നു.

ഇടത് ദുര്‍ഭരണത്തിന്റെ നാള്‍വഴികളില്‍ ഉണ്ടായിരുന്നത് സംസ്ഥാന സിവില്‍ സര്‍വീസിനെ തകര്‍ക്കുക എന്ന ഒറ്റ അജണ്ട മാത്രമായിരുന്നുഎന്ന് നിഷ്പ്രയാസം മനസ്സിലാക്കാം. ജീവനക്കാരെ സര്‍ക്കാരിന്റെ ഭാഗമായി ചേര്‍ത്ത് നിര്‍ത്തേണ്ട അധികാരികള്‍, ജീവനക്കാരുടെ അന്തകരായി മാറുന്ന വളരെ വേദനാജനകമായ സാഹചര്യമാണ് നിലവിലുള്ളത്. തൊഴിലാളി സ്‌നേഹം വാക്കുകളില്‍ ഒതുക്കുകയല്ല, പ്രവൃത്തിയില്‍ കാണിക്കുകയാണ് ഏതൊരു ജനാധിപത്യ സര്‍ക്കാരും ചെയ്യേണ്ടത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ ആദ്യനാളുകളില്‍ തന്നെ സംസ്ഥാനത്ത് ഗഅട നടപ്പിലാക്കുവാന്‍ തീരുമാനിക്കുകയും അതില്‍ സെക്രട്ടറിയേറ്റിനെ ഉള്‍പ്പെടുത്തുകയും ചെയ്തത് മുതല്‍ ജീവനക്കാര്‍ക്ക് ദുരന്തങ്ങള്‍ മാത്രം സംഭാവന ചെയ്ത ജനവിരുദ്ധ സര്‍ക്കാര്‍ എന്ന ‘സല്‍പ്പേര് ‘ ഈ സര്‍ക്കാരിന് കൃത്യമായി ചേരും എന്നതില്‍ തര്‍ക്കമില്ല .2021ല്‍ പ്രഖ്യാപിച്ച പതിനൊന്നാം ശമ്പള പരിഷ്‌കരണം ജീവനക്കാരെ സംബന്ധിച്ച് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായിരുന്നു . കാലാകാലങ്ങളായി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അവരുടെ ഏറ്റവും വലിയ ആനുകൂല്യമായി കരുതിയിരുന്ന സര്‍വ്വീസ് വെയിറ്റേജ് എന്നെന്നേക്കുമായി ഈ സര്‍ക്കാര്‍ അവസാനിപ്പിച്ചു. കൂടാതെ വീട്ടുവാടക ബത്ത നല്‍കുന്ന കാര്യത്തില്‍ നിരാശാജനകമായിരുന്നു ഈ ശമ്പള പരിഷ്‌കരണ പ്രഖ്യാപനം. മുന്‍കാല ശമ്പള പരിഷ്‌കരണങ്ങളെ വച്ച് താരതമ്യം ചെയ്താല്‍ പതിനൊന്നാം ശമ്പള പരിഷ്‌കരണ ശിപാര്‍ശയില്‍ അടിസ്ഥാന ശമ്പളത്തിന്റെ ആനുപാതിക വര്‍ദ്ധനവ് ഏറ്റവും കുറഞ്ഞനിലയിലായിരുന്നു. തൊട്ടടുത്ത സ്റ്റേജില്‍ ശമ്പളം നിജപ്പെടുത്തുന്ന ആനുകൂല്യം നിഷേധിക്കപ്പെട്ടു എന്ന് മാത്രമല്ല അടിസ്ഥാന ശമ്പളത്തോടൊപ്പം ആകെ അനുവദിച്ച 7% ക്ഷാമബത്ത എന്നത് തുച്ഛമായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ക്ഷാമബത്ത മുന്‍കാല പ്രാബല്യത്തില്‍ നടപ്പിലാക്കി വരുന്നുവെങ്കില്‍, സംസ്ഥാനത്ത് 2021ന് ശേഷം ആദ്യമായി 2024ലെ ബജറ്റില്‍ 2% എന്ന നാമമാത്രമായ ക്ഷാമബത്ത, മുന്‍പൊരിക്കലും ഉണ്ടാകാത്ത വിധത്തില്‍ മുന്‍കാല പ്രാബല്യം നിഷേധിച്ചുകൊണ്ട് പ്രഖ്യാപിച്ചത് ജീവനക്കാരോടുള്ള കടുത്ത വെല്ലുവിളിയാണ്.

21% കുടിശ്ശിക ഉള്ളപ്പോഴാണ് ഈ രീതിയില്‍ നാമമാത്രമായ ക്ഷാമബത്ത അനുവദിച്ച് ജീവനക്കാരെ ഈ സര്‍ക്കാര്‍ വഞ്ചിച്ചത്. യഥാസമയം ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിക്കാത്തത്, ഓരോ ജീവനക്കാരനും ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. യഥാസമയം ക്ഷാമബത്ത അനുവദിക്കാത്തത് ചജട ല്‍ ചേര്‍ന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചജട ല്‍ അംഗങ്ങളായവര്‍ക്ക് അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്തകൂടി ചേര്‍ക്കുമ്പോള്‍ കിട്ടുന്ന തുകയെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ വിഹിതം നിശ്ചയിക്കുന്നത് എന്നതാണ് ഇതിന് കാരണം.

സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് അവര്‍ക്ക് ഏറ്റവും ആവശ്യമായ ഘട്ടത്തില്‍ ഒരു പരിധിവരെ ചെലവുകള്‍ക്ക് മാര്‍ഗ്ഗം കണ്ടെത്തിയിരുന്നത് ലീവ് സറണ്ടറിനെ ആശ്രയിച്ചായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ലീവ് സറണ്ടര്‍ ആനുകൂല്യം സര്‍ക്കാര്‍ നിഷേധിക്കുന്നത് ജീവനക്കാര്‍ക്ക് കൂടുതല്‍ ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. 11-ാം ശമ്പള പരിഷ്‌കരണത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലഭ്യമാക്കേണ്ട ശമ്പള പരിഷ്‌കരണ കുടിശ്ശിക നാല് ഗഡുക്കളായി നല്‍കും എന്ന പറഞ്ഞിരുന്നെങ്കിലും, അടുത്ത ശമ്പള പരിഷ്‌കരണത്തിന്റെ സാഹചര്യം സംജാതമായിട്ട് പോലും ഇതില്‍ ഒരു ഗഡുപോലും നാളിതുവരെ നല്‍കിയിട്ടില്ല. ഇത് പി.എഫ് പലിശയില്‍ ഉള്‍പ്പെടെ കനത്ത സാമ്പത്തിക നഷ്ടം വരുത്തിവച്ചിരിക്കുന്നു. ജീവനക്കാര്‍ വളരെ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന മെഡിസെപ്പ് എന്ന ഇന്‍ഷുറന്‍സ് പദ്ധതി, ഇതിലും മോശമായി നടപ്പിലാക്കുവാന്‍ മറ്റൊരു സര്‍ക്കാരിനും കഴിയില്ല എന്ന് തെളിയിച്ചിരിക്കുന്നു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും മെഡിസെപ്പിലേക്ക് നല്‍കുന്ന തുകയ്ക്ക് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായി നല്‍കുമെന്ന മുന്‍ധാരണ അട്ടിമറിച്ച്, സര്‍ക്കാര്‍ നയാപൈസ നല്‍കുന്നില്ല എന്ന് മാത്രമല്ല, ജീവനക്കാരുടെ വിഹിതത്തില്‍ നിന്നും സര്‍ക്കാര്‍ ഒരു നിശ്ചിത തുക അടിച്ചുമാറ്റുന്ന രീതിയിലേക്കി ഈ പദ്ധതിയെ കൊണ്ടെത്തിച്ചിരിക്കുന്നു. കൂടാതെ, പ്രധാനപ്പെട്ട ആശുപത്രികളെ ഈ പദ്ധതിയുടെ കീഴില്‍ കൊണ്ടുവരുന്നതില്‍ അലംഭാവം കാട്ടിയ സര്‍ക്കാര്‍, പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആശുപത്രികളില്‍ തന്നെ അവിടുത്തെ ചികിത്സകളില്‍ ഭാഗികമായി മാത്രം മെഡിസെപ്പില്‍ ഉള്‍പ്പെടുത്തിയത് ജീവനക്കാരെ ഒട്ടാകെ നാണം കെടുത്തുന്നതിന് തുല്യമാണ്. ജീവനക്കാരുടെ ഭവന സ്വപ്നങ്ങള്‍ ഒരു പരിധിവരെ സാക്ഷാത്ക്കരിച്ചിരുന്നത് HBA എന്ന സംവിധാനത്തിന് കീഴില്‍ ആയിരുന്നു. എങ്കില്‍ ഇപ്പോള്‍ HBA എന്നത് ‘പൊടിപോലുമില്ല കണ്ടുപിടിക്കാന്‍’ എന്ന അവസ്ഥയിലാണ്.

പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം യാഥാര്‍ത്ഥ്യമാക്കേണ്ട സാഹചര്യത്തില്‍പോലും ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിനോ പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുവാനോ ഈ സര്‍ക്കാര്‍ തയ്യാറാകുന്നില്ല, എന്നുമാത്രമല്ല ചെയ്ത ജോലിയുടെ കൂലി കിട്ടണമെങ്കില്‍ അങ്ങേയറ്റത്തെ സമരമുറയിലേക്ക് ജീവനക്കാരെ തള്ളിവിടുന്ന വളരെ അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാരിന്റെ ധൂര്‍ത്തിനും കെടുകാര്യസ്ഥതയ്ക്കും ജീവനക്കാര്‍ മാത്രമാണ് ഉത്തരവാദി എന്നാണ് സര്‍ക്കാര്‍ വാദം. ഇത് ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ല. ധൂര്‍ത്തിനും കെടുകാര്യസ്ഥതക്കും കാരണമായ പിന്‍വാതില്‍ നിയമനം ഉള്‍പ്പെടെ വികസനത്തിന്റെ പേരിലുള്ള അശാസ്ത്രീയമായ എല്ലാ പാഴ്‌ചെലവുകളും നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ പോലും സര്‍ക്കാരിന് മംഗളപത്രം എഴുതുക എന്ന ഒറ്റ കാര്യത്തില്‍ മാത്രമാണ് ഇവിടുത്തെ ഭരണവിലാസം സംഘടനകള്‍ക്ക് താല്പര്യം. അത്തരക്കാരോട് ഞങ്ങള്‍ക്ക് സഹതാപം മാത്രമേയുള്ളൂ. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊടും പാവും നെയ്യുന്ന ഇവിടുത്തെ സാധാരണക്കാരായ ജീവനക്കാര്‍ക്ക് മരവിപ്പിച്ച ആനുകൂല്യങ്ങള്‍ മുഴുവന്‍ അടിയന്തരമായി തിരികെ നല്‍കണമെന്നും 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ച്, ജീവനക്കാരുടെയും അധ്യാപകരുടെയും സേവന വേതന വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ ഈ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ച് ഒരു സര്‍ക്കാരിനും അധികനാള്‍ ഈ രീതിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. കാലം ഇത്തരക്കാര്‍ക്ക് കനത്ത തിരിച്ചടി തന്നെ നല്‍കും എന്നതില്‍ തര്‍ക്കമില്ല.

കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ കണ്‍വീനര്‍ ഇര്‍ഷാദ് എം എസ്, ജനറല്‍ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ് പ്രദീപ്കുമാര്‍, കേരള ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി തിബീന്‍ നീലാംബരന്‍, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കുമാരി അജിത പി, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മോഹനചന്ദ്രന്‍ എം എസ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഷിബു ജോസഫ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി വി എ ബിനു തുടങ്ങിയവര്‍ സംയുക്തമായാണ് വാര്‍ത്താ കുറിപ്പ് ഇറക്കിയിരിക്കുന്നത്.