പാനൂരിലെ ബോംബുകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പോലീസ്; സിപിഎം വാദങ്ങള്‍ പൊളിഞ്ഞിട്ടും നേതാക്കള്‍ക്ക് കുലുക്കമില്ല

പാനൂരിലെ ബോംബുകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് പോലീസ്; സിപിഎം വാദങ്ങള്‍ പൊളിഞ്ഞിട്ടും നേതാക്കള്‍ക്ക് കുലുക്കമില്ല

കണ്ണൂര്‍ പാനൂരിനടുത്ത് സിപിഎം പ്രവര്‍ത്തകന്‍ ഷെറിന്റെ മരണത്തിനും നാലുപേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ ബോംബ് നിര്‍മാണം ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പ്രാദേശിക കുടിപ്പകയാണെന്നും പറഞ്ഞ് നിസ്സാരവത്കരിച്ച് ഒതുക്കാനുള്ള സിപിഎം നീക്കം പൊളിക്കുന്നതാണ് കേസിലെ ആറും ഏഴ് പ്രതികളുടെ റിമാന്റ് റിപ്പോര്‍ട്ട്.

പ്രതികള്‍ ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സൈ്വരജീവിതത്തിനു ഭംഗം വരുത്താനും ഉദ്ദേശിച്ചാണെന്ന് ഡിവൈഎഫ്‌ഐയുടെ കടുങ്ങാംപൊയില്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.സായൂജ്, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി പി.വി.അമല്‍ബാബു എന്നിവരുടെ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎഫ്‌ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി സിജാല്‍, അക്ഷയ് എന്നിവരുടെ പങ്കും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇവരടക്കം 12 പ്രതികളും സിപിഎം പ്രവര്‍ത്തകരാണ്.

ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളെയും കുറ്റസമ്മത മൊഴിയെയുമാണ് പൊലീസ് ആശ്രയിച്ചിരിക്കുന്നത്. സംഭവദിവസം അമലും സായൂജും സ്ഥലത്തുണ്ടായിരുന്നു. കൂട്ടുപ്രതികള്‍ സ്‌ഫോടകവസ്തു കൈകാര്യം ചെയ്യുന്നതായി ഇവര്‍ക്ക് അറിയാമായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇവര്‍ മുന്‍കൈയെടുത്തുവെന്നും പോലീസ് പറയുന്നു.

സ്‌ഫോടനം നടന്നയുടന്‍ അമല്‍ബാബു സ്ഥലത്തെത്തി മറ്റു ബോംബുകള്‍ തൊട്ടടുത്ത പറമ്പില്‍ ഒളിപ്പിച്ചു. സംഭവസ്ഥലത്തു മണല്‍ കൊണ്ടുവന്നിട്ട്, തെളിവു നശിപ്പിക്കാനും ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തിനു ചെന്നവരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാദം പൊളിക്കുന്ന പരാമര്‍ശങ്ങളാണിവ. പാര്‍ട്ടി നിലപാടിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് തന്നെ കോടതിയില്‍ നല്‍കിയത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കും.

സംഭവസ്ഥലത്തിനടുത്തുനിന്ന് കണ്ടെടുത്ത ബോംബുകള്‍ പ്രതികള്‍ നിര്‍മിച്ചതാണെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും ബോംബ് നിര്‍മാണ സാമഗ്രികള്‍ എവിടെനിന്ന് ലഭിച്ചെന്നു കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ ആശുപത്രിയിലെത്തിക്കാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം അറസ്റ്റിലായ ഷിജാല്‍, അക്ഷയ്, സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന അശ്വന്ത് എന്നിവരെ റിമാന്റ് ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments