HealthNews

ഗർഭപാത്രം നീക്കൽ ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് ആരോപണം. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) യാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ഗർഭപാത്രം നീക്കുന്നതിന് ഈ മാസം നാലിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി.

ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റെന്ന് ഡോക്ടർമാർ അറിയിച്ചു. തുന്നലുണ്ടെന്നും എന്നാൽ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് അറിയിച്ചത്. എട്ടാം തീയതി വാർഡിലേക്കു മാറ്റി. ഞായാറാഴ്ച മുതൽ സാധാരണ ഭക്ഷണം നൽകാമെന്ന് അറിയിച്ചു.

ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെന്നും ഐസിയുവിലേക്ക് മാറ്റിയെന്നും ബന്ധു ലിബിൻ പറഞ്ഞു.

യൂട്രസിന്റെ ഭാഗത്ത് അണുബാധ ഉള്ളതായി ഡോക്ടർമാർ സംശയിച്ചിരുന്നു. തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കിഡ്‌നിയിലേക്കും കരളിലേക്കും ഉള്‍പ്പടെ ബാധിച്ചിരുന്നു. ഇന്ന് രാവിലെയാണ് വിലാസിനിയുടെ മരണം സ്ഥിരീകരിച്ചതെന്ന് ബന്ധു പറയുന്നു.

2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ച സംഭവത്തിൽ ഹര്‍ഷിനയെന്ന യുവതി നേരത്തെ പരാതിപ്പെട്ടിരുന്നു. വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം വച്ചതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിനിടെ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് താന്‍ വിധേയയാകേണ്ടി വന്നുവെന്ന് കാണിച്ച് ഹര്‍ഷിന കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കടക്കം പരാതി നല്‍കി.