BusinessCrime

ഹൈറിച്ച് തട്ടിപ്പ്: സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി; അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ പാളി

1630 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന ഹൈറിച്ച് കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്. ചേര്‍പ്പ് പോലീസ് അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസാണ് സിബിഐക്ക് കൈമാറിയത്. പ്രൊഫോമ റിപ്പോര്‍ട്ട് അടക്കം നേരിട്ട് പഴ്സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ ഡിവൈ.എസ്.പിയെ നിയോഗിച്ചു. നിക്ഷേപകരില്‍ നിന്നും സത്യവാങ്മൂലം വാങ്ങി കോടതിയില്‍ ഹാജരാക്കി കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി.

ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത് തൃശ്ശൂര്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസാണ് സിബിഐക്കു കൈമാറുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നടന്നു വരികയാണ്. പ്രതികളായ കെ.ഡി പ്രതാപനെയും ശ്രീനു പ്രതാപനെയും ചോദ്യം ചെയ്യാന്‍ ഇ.ഡി തയ്യാറെടുത്തത് മുന്‍കൂട്ടി അറിഞ്ഞ് ഇവര്‍ മുങ്ങിയ സാഹചര്യം കണക്കിലെടുത്താണ് സിബിഐ അന്വേഷണത്തിന് അതീവ രഹസ്യമായുള്ള നടപടി.

പ്രൊഫോമ റിപ്പോര്‍ട്ട് അടക്കം നേരിട്ട് പഴ്സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിനായി ഇക്കണോമിക്സ് ഒഫന്‍സ് വിംഗിലെ ഡി.വൈ.എസ്.പിയെ നിയോഗിച്ചിട്ടുണ്ട്. അടിയന്തരമായി വിമാനമാര്‍ഗം രേഖകള്‍ ഡല്‍ഹിയില്‍ എത്തിക്കാനാണ് ഉത്തരവ്. ചേര്‍പ്പിലേത് ദുര്‍ബ്ബലമായ കേസാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. നിക്ഷേപകരില്‍ നിന്നും പരാതിയില്ലെന്ന സത്യവാങ്മൂലം വാങ്ങി കോടതിയില്‍ ഹാജരാക്കാന്‍ തിരക്കിട്ട ശ്രമം ആരംഭിച്ചിരുന്നു. കൂടാതെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈക്കൂലി നല്‍കാന്‍ കോടികളുടെ പിരിവ് നടന്നുവെന്ന ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. അങ്ങനെ പോലീസ് കേസ് ഇല്ലാതായാല്‍ ഇഡി അന്വേഷണത്തിനും തടയിടാമെന്ന് പ്രതീക്ഷയിലായിരുന്നു തട്ടിപ്പുസംഘം. കൂടാതെ, ഒരു കേസ് കോടതിയില്‍ തള്ളിയാല്‍ കമ്പനിയുടെ തിരിച്ചുവരവിനും അത് ഊര്‍ജ്ജമാകുമെന്നായിരു്‌നു ഇവരുടെ വിലയിരുത്തല്‍.

ചേര്‍പ്പ് കേസിലെ പ്രോസിക്യൂട്ടറെ സ്വാധീനിച്ചെന്ന് ഹൈറിച്ച് സംഘത്തിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഹൈറിച്ച് ഉടമകളായ കെഡി പ്രതാപനും ശ്രീനു പ്രതാപനും കൂടി കേരളത്തിന് അകത്തും പുറത്തുമായി 3141 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇവരുടെ 55 ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 212 കോടി രൂപ അന്വേഷണ സംഘം മരവിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *