
‘ഞാൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച എല്ലാവർക്കും നന്ദി’; തലൈവരുടെ വികാരനിർഭരമായ കുറിപ്പ്
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്‌തതിന് ശേഷം, സൂപ്പർസ്റ്റാർ രജനികാന്ത് അദ്ദേഹത്തിന്റെ ആരോഗ്യം തിരക്കിയ എല്ലാവര്‍ക്കും നന്ദി അറിയിച്ച് വാര്‍ത്താ കുറിപ്പ് ഇറക്കി. ഹൃദയത്തിലെ രക്തകുഴലുകളില്‍ വീക്കം കണ്ടെത്തിയതിനെ തുടര്‍ന്ന്, ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ സെപ്തംബര്‍ 30-ന് രജനികാന്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. ‘ട്രാന്‍സ്‌കത്തീറ്റര്‍’ രീതി ഉപയോഗിച്ച് അയോര്‍ട്ടയിലെ വീക്കം പരിഹരിക്കാന്‍ ചെയ്ത ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷം, വെള്ളിയാഴ്ച അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.
രജനികാന്ത് തമിഴിൽ എക്‌സിൽ പങ്കിട്ട സന്ദേശത്തില്‍ പറയുന്നത് ഇതാണ് “ഞാൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച എന്‍റെ എല്ലാ രാഷ്ട്രീയ സുഹൃത്തുക്കൾക്കും, എന്‍റെ എല്ലാ സിനിമാ സുഹൃത്തുക്കൾക്കും, എന്‍റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും മാധ്യമങ്ങൾക്കും, എല്ലാവർക്കും എന്‍റെ ആത്മാർത്ഥമായ നന്ദി, എന്നെ ജീവനോടെ നിലനിർത്തുകയും എന്നെ അളവറ്റ സ്‌നേഹിക്കുകയും ചെയ്‌ത എല്ലാവര്‍ക്കും ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു”. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിതാഭ് ബച്ചന്‍റെയും ഇദ്ദേഹത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച എക്സ് പോസ്റ്റുകള്‍ക്കും പ്രത്യേകമായി രജനികാന്ത് നന്ദി പറഞ്ഞിരുന്നു.
രജനികാന്തിന്റെ അടുത്ത റിലീസ് “വെട്ടയാന്‍” ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്ടോബര്‍ 10-ന് തീയേറ്ററുകളില്‍ എത്തും. ചിത്രത്തില്‍ രജനികാന്ത് ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അതേസമയം, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന “കൂലി” എന്ന ചിത്രമാണ് രജനികാന്തിന്റെ ഇപ്പോഴത്തെ ഷൂട്ടിംഗ് പ്രോജക്റ്റ്. രജനിയുടെ ആരോഗ്യ നില പരിപൂര്‍ണ്ണമായില്ലെങ്കില്‍ സിനിമയുടെ മറ്റ് രംഗങ്ങളിലേക്ക് ഇത് സ്വാധീനിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.