പിണറായിയുടെ ഭരണകാലത്ത് കൊലപാതകം ഉള്‍പ്പെടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടത് 10,546 അന്യസംസ്ഥാനത്തുകാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഇവര്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളും കൂടുന്നു. എന്നാല്‍, മറ്റ് സംസ്ഥാനങ്ങള്‍ നിന്നെത്തി കേരളത്തില്‍ ജോലി ചെയ്ത് കഴിയുന്നവരുടെ പശ്ചാത്തലം അന്വേഷിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരാജമായി പിണറായി സര്‍ക്കാര്‍.

2016 മുതല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടത് 10546 അതിഥി തൊഴിലാളികള്‍ ആണെന്ന് നിയമസഭ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തെ നടുക്കിയ പലവിധ കുറ്റകൃത്യങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടിരുന്നു. എന്നിട്ടും ഇവരെക്കുറിച്ച് ഒരു കൃത്യമായ ഡേറ്റാബേസ് തയ്യാറാക്കാനോ നിരീക്ഷിക്കാനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണ്.

ക്രിമിനല്‍ പശ്ചാത്തല വിവരം ശേഖരിക്കേണ്ടത് ആഭ്യന്തര വകുപ്പാണ് എന്നാണ് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ മറുപടി. പിണറായിയുടെ ആഭ്യന്തരവകുപ്പിന് ആകട്ടെ അതിനെ കുറിച്ച് ഒന്നും അറിയില്ലതാനും. എത്ര അതിഥി തൊഴിലാളികള്‍ സംസ്ഥാനത്ത് ഉണ്ടെന്ന കണക്ക് പോലും തൊഴില്‍ വകുപ്പിന്റെ കയ്യില്‍ ഇല്ല. അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും നല്‍കുന്ന ആവാസ് പദ്ധതിയില്‍ 5,16,320 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എറണാകുളത്തും മലപ്പുറത്തുമാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. കൊലപാതകവും ലഹരി കടത്തും ഉള്‍പ്പെടെയുള്ള കേസുകളുണ്ട്.

ഒരാഴ്ച്ചക്കിടെ തന്നെ അന്യസംസ്ഥാന തൊഴിലാളികളുടെ മര്‍ദ്ദനമേറ്റ് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഇന്നലെ കൊല്ലപ്പെട്ട ടിടിഇ കെ. വിനോദ്. കഴിഞ്ഞ ദിവസം ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ വിനോദിനെ നാല് അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

TTE വിനോദിൻ്റെ കൊലപാതകം പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടതിലെ വിരോധം

തൃശൂരിൽ ടിടിഇ കെ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ എഫ്‌ഐആറിന്റെ പകർപ്പ് ട്വന്റിഫോറിന്. വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ട്രെയിനിൽ നിന്ന് പ്രതി രജനീകാന്ത് തള്ളിയിട്ടതെന്ന് എഫ്‌ഐആർ. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നിൽ നിന്ന് തള്ളിയിടുകയായിരുന്നു. പിഴ ആവശ്യപ്പെട്ടതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് എഫ്‌ഐആർ.

എറണാകുളത്ത് നിന്നാണ് പ്രതി രജനീകാന്ത് ട്രെയിനിൽ കയറുന്നത്. തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷൻ എത്തുന്നതിന് മുൻപാണ് ടിക്കറ്റിനെ സംബന്ധിച്ച് തർക്കം ഉണ്ടാകുന്നത്. പ്രതി ടിക്കറ്റ് എടുത്തിരുന്നില്ല. തുടർന്ന് പിഴ ഒടുക്കാൻ വിനോദ് ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.

പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നിൽക്കുകയായിരുന്നു. പിന്നാലെ ഇരുകൈകളും ഉപയോഗിച്ച് വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. പ്രതി രജനീകാന്ത് (42)ഒഡിഷ സ്വദേശിയാണ്. പ്രതി സംഭവം നടക്കുമ്പോൾ മദ്യലഹരിയിൽ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്.