2024 ഫെബ്രുവരിയില്‍ തിയേറ്ററില്‍ തരംഗമായ ചിത്രം പ്രേമലുവിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. എപ്രില്‍ 12നാണ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നുണ്ട്. നസ്ലന്‍, മമിത ബൈജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗിരീഷ് എ.ഡിയാണ്.

ബോക്‌സോഫീസില്‍ 100 കോടിയിലധികം സ്വന്തമാക്കി മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് പ്രേമലു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ മകന്‍ എസ്.എസ് കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിങ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്‌സ് സ്വന്തമാക്കിയിരുന്നത്. ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കല്‍ റിലീസ് റൈറ്റ്‌സ് സ്വന്തമാക്കിയത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.