മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടിട്ടുള്ള നോവലുകളില്‍ ഒന്നായ ബെന്യാമിൻ എഴുതിയ ആടുജീവിതം സിനിമയായതോടെ വിവാദങ്ങളും സജീവം. കഥയിലെ നായകൻ നജീബിനെയും കഥാപാത്രത്തിന് ആസ്പദമായ ഷുക്കൂറിനെയും താരതമ്യപ്പെടുത്തിയും ഒന്നാണെന്ന് വിശ്വസിച്ചുമുള്ള പലതരം ചർച്ചകളാണ് നടക്കുന്നത്.

ആടുജീവിതം സിനിമയാക്കിയിരിക്കുന്നത് ബ്ലെസിയും നജീബായി വേഷമിട്ടിരിക്കുന്നത് പൃഥ്വിരാജുമാണ്. വിവാദങ്ങള്‍ക്ക് മറുപടിയായി ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബെന്യാമിൻ.

അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബിന്റേതെന്നും അതില്‍ പലരുടെയും പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും ബെന്യാമിന്‍ പോസ്റ്റില്‍ പറയുന്നു.

ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതമെന്ന് പറയുന്ന ബെന്യാമിന്‍ 30 ശതമാനത്തിലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളുവെന്നും കൂട്ടിച്ചേര്‍ത്തു. ആടുജീവിതം തന്റെ നോവലാണെന്നും അത് ജീവിതകഥയാണെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അത് തന്റെ കുഴപ്പമല്ലെന്നും ബെന്യാമിന്‍ പോസ്റ്റില്‍ കുറിച്ചു.

ആടുജീവിതത്തിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും താനാണ് ഉത്തരവാദിയെന്ന് പറഞ്ഞ ബെന്യാമിന്‍ ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടാന്‍ പോസ്റ്റില്‍ ആവശ്യപ്പെടുന്നു. നോവലിനെ സംബന്ധിച്ച് സംശയമുണ്ടെങ്കില്‍ അത് തന്നോട് ചോദിക്കാനും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

‘കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നു. എന്റെ കഥയിലെ നായകന്‍ നജീബ് ആണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്.

അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30 ശതമാനത്തിലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവലാണ്. നോവല്‍… നോവല്‍. അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്.

അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണെന്ന് അറിയാത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിന് വിശദീകരണങ്ങളുണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക.’