ദില്ലി: കോണ്‍ഗ്രസിനെതിരെ ആക്രമണം കടുപ്പിച്ച് ആദായ നികുതി വകുപ്പ്. 1700 കോടി രൂപ പിഴയടയ്ക്കണമെന്ന നോട്ടീസുകള്‍ നല്‍കി മണിക്കൂറുകള്‍ക്കകം വീണ്ടും നോട്ടീസ് നല്‍കിയിരിക്കുകയാണ് ഐടി വകുപ്പ്.
ഇന്നലെ വൈകുന്നേരമാണ് പുതിയതായി രണ്ട് നോട്ടീസുകള്‍ നല്‍കിയത്. ഇതോടെ കോണ്‍ഗ്രസിന് ഒരാഴ്ച്ചക്കിടെ ലഭിക്കുന്നത് പത്ത് ഐടി വകുപ്പ് നോട്ടീസുകളാണ്.
2020-21, 21-22 സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയും അടയ്ക്കാനാണ് പുതിയ നിര്‍ദ്ദേശം. ഐടി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയിലെ മറ്റ് പാര്‍ട്ടികളും.
ആദായനികുതി വകുപ്പിന്റെ രാജ്യത്തെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മുഴുവന്‍ മരവിപ്പിച്ചിരുന്നു. 1076 കോടി അടക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നോട്ടീസാണ് ആദ്യം വന്നത്. 692 കോടി പലിശ മാത്രം അടക്കണം. ബി.ജെ.പിയും നികുതി അടച്ചതിന്റെ കണക്ക് വ്യക്തമാക്കിയിട്ടില്ല’. തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് ഭയം ആണെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.