രാജ്യത്തെ അതിസമ്പന്നരായ കോടീശ്വരന്‍മാരും ലോകത്തെ പ്രധാന വ്യവസായികളുടമായ മുകേഷ് അംബാനിയും ഗൗതം അദാനിയും കച്ചവടത്തില്‍ കൈകോര്‍ക്കുന്നു. മധ്യപ്രദേശില്‍ അദാനി ഗ്രൂപ്പിന്റെ വൈദ്യുത പദ്ധതിയിലാണ് ഇരുവരും ഒരുമിച്ച് കരാറിലേര്‍പ്പെട്ടത്.

കരാര്‍പ്രകാരം അദാനി പവര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള മഹാന്‍ എനെര്‍ജന്‍ ലിമിറ്റഡിന്റെ (എംഇഎല്‍) 50 കോടിയുടെ 26 ശതമാനം ഓഹരികള്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുത്തു.

എംഇഎല്‍ മധ്യപ്രദേശിലെ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 500 മെഗാവാട്ട് റിലയന്‍സിന് ഉറപ്പാക്കുകയാണ് ലക്ഷ്യം. അത് ആര്‍ക്ക് വില്‍ക്കണമെന്നതില്‍ പൂര്‍ണ അധികാരം റിലയന്‍സ് ഗ്രൂപ്പിനായിരിക്കും. ഏകദേശം 50 കോടി രൂപയുടേതാണ് ഇടപാടെന്നാണ് സൂചന. മാര്‍ച്ച് 27നാണ് അദാനി പവറും റിലയന്‍സും കരാര്‍ ഒപ്പുവച്ചത്.

600 മെഗാവാട്ട് ശേഷിയുള്ള എംഇഎല്ലിന്റെ മഹാന്‍ താപവൈദ്യുത നിലയത്തിന്റെ ഒരു യൂണിറ്റും വരാനിരിക്കുന്ന 2,800 മെഗാവാട്ട് ശേഷിയും റിലയന്‍സിന് ലഭിക്കണമെങ്കില്‍ കുറഞ്ഞത് 26 ശതമാനം ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം. 500 മെഗാവാട്ട് വൈദ്യുതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാങ്ങുന്നതിനുള്ള പ്രത്യേക കരാറും കോര്‍പ്പറേറ്റ് ഭീമന്മാര്‍ തമ്മിലുണ്ടാകും.

റിലയന്‍സ് ഏറ്റെടുത്ത വൈദ്യുതിയുടെ പ്രത്യേക ഉപയോഗം വെളിപ്പെടുത്തിയിട്ടില്ല. ഗുജറാത്തിലും മഹാരാഷ്ട്രയിലും എണ്ണ ശുദ്ധീകരണത്തിനും പെട്രോകെമിക്കല്‍ കോംപ്ലക്സുകള്‍ക്കുമായിരിക്കും ഉപയോഗിക്കുകയെന്നാണ് അറിയുന്നത്.

2020-21, 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളിലെ എംഇഎല്ലിന്റെ വിറ്റുവരവ് യഥാക്രമം 692.03 കോടി, 1,393.59 കോടി, 2,730.68 കോടി എന്നിങ്ങനെയാണ്. എല്ലാ നിബന്ധനകളും പാലിക്കുകയും ആവശ്യമായ അനുമതികള്‍ നേടുകയും ചെയ്താല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നിക്ഷേപം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എണ്ണ, വാതകം, റീട്ടെയില്‍, ടെലികോം മേഖലകള്‍ കേന്ദ്രീകരിച്ചാണ് മുകേഷ് അംബാനിയുടെ പ്രവര്‍ത്തനം. എന്നാല്‍ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, കല്‍ക്കരി, ഖനനം എന്നിങ്ങനെയുള്ള സൗകര്യ വികസനത്തിലാണ് അദാനി പ്രവര്‍ത്തിക്കുന്നത്. ഇരുകൂട്ടരും പരസ്പരം മത്സരത്തിന് ഇതുവരെ മുതിര്‍ന്നിട്ടില്ല. എങ്കിലും ഊര്‍ജ്ജ മേഖലയില്‍ വന്‍തുകയുടെ നിക്ഷേപങ്ങളാണ് ഇരു കൂട്ടരും നടത്തി വരുന്നത്.

സോളാര്‍ പാനലുകള്‍, ബാറ്ററികള്‍, ഗ്രീന്‍ ഹൈഡ്രജന്‍, ഫ്യുവല്‍ സെല്ലുകള്‍ എന്നിവയ്ക്കായി ഗുജറാത്തിലെ ജാംനഗറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നാല് വലിയ ഫാക്ടറികളാണ് നിര്‍മിച്ചത്. അതേസമയം 2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ വ്യാപാരത്തിനാണ് അദാനി ലഷ്യമിടുന്നത്. മധ്യപ്രദേശിലെ മഹാന്‍ തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ 600 മെഗാവാട്ട് ശേഷിയുടെ ഒരു യൂണിറ്റിനെ നിയമങ്ങള്‍ക്കനുസൃതമായി ക്യാപ്റ്റീവ് യൂണിറ്റായി നിയോഗിക്കുമെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്.