ബിജെപി സീറ്റ് നിഷേധിച്ച വരുണ്‍ഗാന്ധി തുറന്ന കത്തുമായി രംഗത്ത്. പിലിഭിത്തിലെ ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നാണ് വരുണ്‍ ഗാന്ധി സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച കത്തില്‍ വ്യക്തമാക്കുന്നത്. അതിന് എന്തുവില കൊടുക്കേണ്ടി വന്നാലും പിൻമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സീറ്റ് നിഷേധിച്ചതോടെ വരുണ്‍ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് തുറന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. പിലിഭിത്തില്‍ വരുണ്‍ഗാന്ധിക്ക് പകരം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്ന ജിതിൻ പ്രസാദക്കായിരുന്നു ബിജെപി ടിക്കറ്റ് നല്‍കിയത്. മോദിക്കെതിരെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പരസ്യമായി വിമർശനം ഉന്നയിക്കാറുള്ള വരുണ്‍ ഗാന്ധിയുടെ നീക്കം പ്രധാനമാണ്.

ബിജെപി വിടാനൊരുങ്ങുന്ന വരുണ്‍ ഇനി കോണ്‍ഗ്രസിന്റെ ക്ഷണം സ്വീകരിച്ച് പാർട്ടിയില്‍ ചേരുമോ അതോ സമാജ് വാദി പാർട്ടി ടിക്കറ്റില്‍ മത്സരിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്തായാലും വരുണ്‍ഗാന്ധിയുടെ പോസ്റ്റ് ബിജെപിയില്‍ വൻ ചർച്ചയായിട്ടുണ്ട്. തന്റെ കർമ്മ ഭൂമി പിലിഭിത്ത് തന്നെയായിരിക്കുമെന്ന് പറഞ്ഞ വരുണ്‍ ജനങ്ങളുടെ പിന്തുണയും കത്തിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതോടെ പിലിഭിത്തില്‍ നിന്ന് തന്നെ വരുണ്‍ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.