ഹൈദരാബാദ്: ഐപിഎല്‍ റെക്കോർഡുകള്‍ അടിച്ചുതകർത്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ചു. ഹൈദരാബാദ് ഉയര്‍ത്തിയ 278 റണ്‍സെന്ന റെക്കോർഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 34 പന്തില്‍ 64 റണ്‍സ് നേടിയ തിലക് വര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. വിജയത്തോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. (Mumbai Indians Vs Sunrisers Hyderabad Highlights)

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് അടിച്ചുകൂട്ടിയത്. ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), ഹെന്റിച്ച് ക്ലാസന്‍ (34 പന്തില്‍ 80), എയ്ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരുടെ ഇന്നിങ്സുകളാണ് ഹൈദരാബാദിന് റെക്കോർഡ് സ്കോർ സമ്മാനിച്ചത്.

മുംബൈ നിരയില്‍ തിലക് വര്‍മയുടെ (34 പന്തില്‍ 64) മുംബൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും കാര്യമായില്ല. ഇഷാന്‍ കിഷന്‍ (12 പന്തില്‍ 26) രോഹിത് ശര്‍മ (13 പന്തില്‍ 34) സഖ്യം 56 റണ്‍സ് ചേര്‍ത്തു. സ്‌കോര്‍ബോര്‍ഡില്‍ 66 റണ്‍സ് ആയിരിക്കെ രോഹിത്തും മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ നമന്‍ ധിര്‍ തകര്‍ത്തടിച്ചെങ്കിലും വ്യക്തിഗത സ്‌കോര്‍ 30ല്‍ നില്‍ക്കേ കമിന്‍സു ക്യാച്ച് നല്‍കി മടങ്ങി. 11ാമത്തെ ഓവറില്‍ ടീം സ്‌കോര്‍ 150 കടത്തിയാണ് താരം മടങ്ങിയത്.

ഇരു ടീമും ചേര്‍ന്ന് 523 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ആദ്യമായാണ് ഐ.പി.എല്ലില്‍ 500ലേറെ റണ്‍സ് പിറക്കുന്നത്. ആകെ 38 സിക്‌സറുകളാണ് മത്സരത്തില്‍ പിറന്നത്. സണ്‍റൈസേഴ്‌സ് 18 സിക്‌സറുകള്‍ പറത്തിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ മുംബൈ 20 സിക്‌സറുകള്‍ നേടി.

ഹൈദരാബാദിന് വേണ്ടി ജയദേവ് ഉനദ്ഘട്ട്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടും ഷഹബാസ് അഹ്‌മദ് ഒന്നും വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എല്ലിലെ റെക്കോഡ് സ്‌കോറാണ് കുറിച്ചത്. ബാറ്റെടുത്തവരെല്ലാം പന്ത് അടിച്ചുപറത്തിയപ്പോള്‍ മാറിമറിഞ്ഞത് നിരവധി റെക്കോഡുകള്‍. ഹെയ്ന്റിച് ക്ലാസ്സെന്‍ (80), അഭിഷേക് ശര്‍മ (63), ട്രാവിസ് ഹെഡ് (62) എന്നിവരുടെ കൂറ്റനടികളോടെയാണ് സണ്‍റൈസേഴ്‌സ് 277 എന്ന സ്‌കോറിലെത്തിയത്.

ഹെയ്ന്റിച് ക്ലാസന്‍ 34 പന്തില്‍ നിന്നാണ് പുറത്താകാതെ 80 റണ്‍സെടുത്തത്. ഏഴ് കൂറ്റന്‍ സിക്‌സുകളും നാല് ബൗണ്ടറികളും ക്ലാസന്‍ നേടി. അഭിഷേക് ശര്‍മ 23 പന്തില്‍ 63 റണ്‍സെടുത്തു. ഏഴ് സിക്‌സറുകളും മൂന്ന് ഫോറുമാണ് ശര്‍മയുടെ ബാറ്റില്‍ നിന്ന് പിറന്നത്. 16 പന്തിലാണ് അഭിഷേക് ശര്‍മ അര്‍ധസെഞ്ച്വറി നേടിയത്. ട്രാവിസ് ഹെഡ് 24 പന്തില്‍ 62 റണ്‍സെടുത്തു. മൂന്ന് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും ഹെഡ് നേടി. ആകെ 18 സിക്‌സറുകളാണ് സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്.

18 പന്തില്‍ 50 അടിച്ച് ഹൈദരാബാദിനായി വേഗതയേറിയ അര്‍ധസെഞ്ച്വറി കുറിച്ച ട്രാവിസ് ഹെഡിന്റെ റെക്കോര്‍ഡ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അഭിഷേക് ശര്‍മ്മ 16 പന്തില്‍ അര്‍ധസെഞ്ച്വറി നേടി മാറ്റിയെഴുതുകയായിരുന്നു.

ബുംറയെ മാറ്റി നിര്‍ത്തിയാല്‍ എല്ലാ മുംബൈ ബാളര്‍മാരും 12ന് മുകളില്‍ ഇക്കോണമിയിലാണ് ഇന്ന് റണ്‍സ് വഴങ്ങിയത്. ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ 263 എന്ന ഉയര്‍ന്ന ഐ.പി.എല്‍ സ്‌കോറും സണ്‍റൈസേഴ്‌സ് ഇന്ന് തിരുത്തിക്കുറിച്ചു. എയ്ഡന്‍ മര്‍ക്രം 28 പന്തില്‍ നിന്ന് പുറത്താകാതെ 42 റണ്‍സെടുത്തു. 11 റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് മാത്രമാണ് ഹൈദരാബാദ് ടീമില്‍ തിളങ്ങാനാവാതെ പോയത്.

തല്ലുകൊണ്ട് വലയുകയായിരുന്നു മുംബൈ ബൗളര്‍മാര്‍. ക്വെയ്ന്‍ മഫാക്ക നാലോവറില്‍ 66 റണ്‍സ് വഴങ്ങി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ 46 വഴങ്ങിയപ്പോള്‍ ജെറാള്‍ഡ് കോട്‌സീ 57 വഴങ്ങി. രണ്ടോവറില്‍ 34 വഴങ്ങിയ സ്പിന്നര്‍ പീയുഷ് ചൗളയാണ് ഏറ്റവും കൂടിയ ഇക്കണോമിയില്‍ റണ്‍ വിട്ടുനല്‍കിയത്. ഷംസ് മുലാനി രണ്ടോവറില്‍ 33ഉം വിട്ടുനല്‍കി. നാലോവറില്‍ 36 വിട്ടുകൊടുത്ത ബുംറയാണ് ഏറ്റവും കുറവ് അടിവാങ്ങിയത്. പീയുഷ് ചൗള, കോട്‌സീ, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.