തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സിപിഎം നേതാക്കള്‍. നിലവില്‍ കേരളത്തിലെ ഏക ആരിഫും തമിഴ്നാട്ടിൽ നിന്നുള്ള 2 എം.പി.മാരുമാണ് രാജ്യത്ത് സിപിഎമ്മിനുള്ളത്.

ആലപ്പുഴയിൽ കരുത്തനായ കെ.സി വേണുഗോപാലിനെ കോൺഗ്രസ് ഇറക്കിയതോടെ ഏക കനൽ തരിയുടെ കാര്യത്തിൽ തീരുമാനം ആയി. രാഹുൽ ഗാന്ധിയുടെയും ഡി.എം.കെയും കരുത്തിൽ തമിഴനാട്ടിലെ 2 സീറ്റ് സിപിഎമ്മിന് നിലനിർത്താൻ സാധിക്കും എന്നാണ് റിപ്പോർട്ടുകൾ. പിണറായി വിരുദ്ധ വികാരം അതിശക്തമായതോടെ കേരളത്തിൽ സിപിഎം വട്ടപൂജ്യം ആകാനാണ് സാധ്യത.

മറ്റ് സംസ്ഥാനങ്ങളിലെ കാര്യവും തഥൈവ. ഈ പശ്ചാത്തലത്തിലാണ് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം നഷ്ടപ്പെടുമെന്ന എ.കെ ബാലൻ്റെ പ്രസംഗത്തെ ഒരു കമ്യൂണിസ്റ്റുകാരൻ്റെ വിലാപമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നതും.

ഈനാംപേച്ചി, മരപ്പട്ടി ചിഹ്നങ്ങളിൽ സിപിഎമ്മിന് വോട്ട് അഭ്യർത്ഥിക്കുന്ന പിണറായിയേയും സംഘത്തേയും അടുത്ത തെരഞ്ഞെടുപ്പുകളിൽ കാണാം എന്ന് വ്യക്തം.

ദേശീയ പാർട്ടി പദവി ലഭിക്കുന്നതിന് പാലിക്കേണ്ടത് 3 മാനദണ്ഡങ്ങളാണ് 1.മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി പതിനൊന്ന് എംപിമാര്‍ 2. നാല് സംസ്ഥാനങ്ങളില്‍ നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും 3. നാല് സംസ്ഥാനങ്ങളില്‍ എട്ട് ശതമാനം വോട്ടോടെ സംസ്ഥാന പാര്‍ട്ടി പദവി. ഇവയൊക്കെ പാലിക്കാൻ സിപിഎമ്മിന് ഇത്തവണ സാധിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ ദേശീയപാർട്ടി പദവി സിപിഎമ്മിന് നഷ്ടപ്പെടും. 2004ൽ 43 എംപിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോഴുള്ളത് 3 എംപിമാർ. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഭരണമുണ്ടായിരുന്ന പാർട്ടിക്ക് നിലവിൽ ഭരണം കേരളത്തിൽ മാത്രം. ഏറെ പ്രതീക്ഷയുള്ള കേരളത്തിൽ പരമാവധി നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമം. അതിനായിട്ടാണ് എ.കെ. ബാലൻ്റെ ചിഹ്നം നഷ്ടമാകുമെന്ന വിലാപം.

കേരളത്തിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആവശ്യത്തിനുള്ള 11 എംപിമാരില്‍ എട്ടുപേരെ സിപിഎം പ്രതീക്ഷിക്കുന്നത് കേരളത്തില്‍ നിന്നാണ്. കഴിഞ്ഞ തവണ ആലപ്പുഴ സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. ഇത്തവണ കൂടുതൽ സീറ്റ് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ആറ്റിങ്ങൽ, പത്തനംതിട്ട, ചാലക്കുടി, ആലത്തൂർ, പാലക്കാട്, വടകര, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലാണ് കൂടുതൽ പ്രതീക്ഷ.

പ്രമുഖ നേതാക്കളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. പിബി അംഗം, മന്ത്രി, 3 എംഎൽമാർ, 3 ജില്ലാ സെക്രട്ടറിമാർ എന്നിവര്‍ മത്സരംഗത്തുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെയും പൊന്നാനിയിലെയും സ്വതന്ത്ര സ്ഥാനാർഥികൾ സിപിഎം ചിഹ്നത്തിലാണ് മത്സരിക്കുന്നത്. പരമാവധി സീറ്റുകൾ നേടാനാണിത്.

തമിഴ്നാട്ടിൽ ഡിഎംകെ പിന്തുണയോടെ രണ്ട് സീറ്റിലാണ് മത്സരിക്കുന്നത്. ഈ രണ്ടു സീറ്റിലും വിജയസാധ്യതയുണ്ട്. മൂന്നാമത് ഒരു സംസ്ഥാനത്തുനിന്ന് ഒരു സീറ്റ് കൂടി സിപിഎം നേടണം. കോൺഗ്രസിന്റെയും ഇന്ത്യ മുന്നണിയിലെ മറ്റു ഘടകകക്ഷികളുടെയും സഹായമില്ലാതെ ഇതു നടക്കാനിടയില്ല.

നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി അംഗീകാരം ഉണ്ടെങ്കിൽ ദേശീയപാർട്ടി പദവി നിലനിർത്താം. ഇതിനായി, പോൾ ചെയ്ത വോട്ടിൽ 6% നേടണം. അല്ലെങ്കിൽ 25 എംഎൽഎമാർക്ക് ഒരു പാർലമെന്റ് അംഗം ഉണ്ടാകണം. കേരളത്തിലും തമിഴ്നാട്ടിലും ത്രിപുരയിലും ഈ മാനദണ്ഡങ്ങൾ പാലിക്കാനാകുമെന്നാണ് പാർട്ടിയുടെ വിശ്വാസം. ഒരു സംസ്ഥാത്തു കൂടി ഇതേ മാനദണ്ഡങ്ങൾ പാലിക്കപ്പെടണം. അല്ലെങ്കിൽ എ.കെ.ബാലൻ പറഞ്ഞതുപോലെ പാർട്ടി പ്രതിസന്ധിയിലാകും.