
വയനാട്ടില്‍ യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ചു; ഭാര്യയെ കാണാതായി
കല്‍പ്പറ്റ: വന്യ ജീവി ആക്രമണത്തില്‍ നടുങ്ങി കേരളം. 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടുപേർ. ഇന്ന് കാട്ടാനയുടെ ആക്രമണത്തില്‍ വയനാട്ടില്‍ യുവാവ് മരിച്ചു. നൂല്‍പ്പുവ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് മരിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വെച്ചായിരുന്നു ആക്രമണം. കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു എന്നാണ് വിവരം. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ഭാര്യയെ കാണാതായിട്ടുണ്ട്. ഇവർക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. ഇവിടെ കാട്ടാന ശല്യം നിത്യ സംഭവമാണെങ്കിലും ഫെൻസിങ് പോലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഏർപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ജനപ്രതിനിധികളുടെ വാക്കുകള്‍ പാഴായെന്നും ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. കളക്ടർ സംഭവ സ്ഥലത്തെത്തിയതിന് ശേഷമേ മൃതദേഹം മാറ്റാൻ സാധിക്കൂവെന്ന് നാട്ടുകാർ പറയുന്നു.
പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പ്രതിഷേധത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മൃതദേഹം മാറ്റാൻ കഴിഞ്ഞത്. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.അതേസമയം, സംഭവത്തിൽ തുടർ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ. വനംമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിട്ടും കാട്ടാന ശല്യം പരിഹരിക്കാൻ നടപടിയെടുത്തില്ലെന്ന് കൊല്ലപ്പെട്ട സോഫിയയുടെ ഭർത്താവ് ആരോപിച്ചു.
കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. ഇന്ന് വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്.