ഫ്രീ റീച്ചാർജ് എന്ന പേരിൽ വിവധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് രാഷ്ട്രീയ പ്രചരണം . ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇത്തരം ഓഫറുകൾ എന്ന മുന്നറിയിപ്പ് നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ .

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു നല്‍കുമെന്നു പ്രചരിപ്പിച്ച് തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പൊലീസിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .

രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യമായി മൂന്നു മാസം ദൈര്‍ഘ്യമുള്ള പ്ലാനില്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു തരുമെന്ന വാഗ്ദാനമാണ് വ്യാപകമായി പ്രചരിക്കുന്നത്. സൗജന്യ റീചാര്‍ജ് സ്‌ക്രാച്ച് കാര്‍ഡുകള്‍ എന്ന പേരിലാണ് ലിങ്കുകള്‍. ‘ഫ്രീ റീചാര്‍ജ് യോജന’ തുടങ്ങിയ പേരിലുള്ള സന്ദേശങ്ങളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നവരുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും.

തുടര്‍ന്ന് റീചാര്‍ജ് ലഭിച്ചെന്നും ആക്ടിവേറ്റ് ചെയ്യാന്‍ കൂടുതല്‍ പേര്‍ക്ക് ഈ സന്ദേശം അയയ്ക്കണമെന്നും അറിയിക്കും. ഇതിലൂടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയാണ്.

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലകളില്‍ 1950 എന്ന നമ്പരിലും ചീഫ് ഇലക്ടറല്‍ ഓഫീസില്‍ 1800 4251 965 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു. പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ Cvigil എന്ന ആപ്പിലൂടെ അറിയിക്കാം. 100 മിനിറ്റിനുള്ളില്‍ ഇതില്‍ നടപടി ഉണ്ടാകും.

സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടുകൂടി ദൃശ്യങ്ങള്‍ നിര്‍മ്മിച്ചു ദുരുദ്ദേശപരമായി പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെയും നിയമാനുസൃതമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.