തിരുവനന്തപുരം: ആത്മവിശ്വാസമില്ലാതെ കേരളത്തിലെ സിപിഐ സ്ഥാനാര്‍ത്ഥികള്‍. മുന്നണിയിലെ വല്യേട്ടനായ സിപിഎം പണി തരുമോ എന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സിപിഎം അന്തര്‍ധാര സജീവമാണെന്ന ആരോപണത്തിന് പിന്നാലെ ഇതിന് ആക്കം കൂട്ടുന്ന പ്രവൃത്തികള്‍ സിപിഎം നേതാക്കളില്‍ നിന്ന് ഉണ്ടായതാണ് സിപിഐയെ വെട്ടിലാക്കിയിരിക്കുന്നത്.
മുന്നണി കണ്‍വീനര്‍ ഇപി ജയരാജന് ബന്ധമുള്ള വൈദേകം റിസോര്‍ട്ടിലെ ഇടപാടുകള്‍ രാഷ്ട്രീയ വിവാദമായി മാറിയത് തിരിച്ചടിക്കുമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടറായ വൈദേകം റിസോര്‍ട്ടില്‍ ബിസിനസ്സ് പങ്കാളിയായി ഉള്ളത് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്റെ കുടുംബാംഗങ്ങളാണ്.
ബിജെപി സ്ഥാനാര്‍ത്ഥികള്‍ ശക്തരാണെന്ന ജയരാജന്റെ വെളിപ്പെടുത്തലിന് പിന്നില്‍ വൈദേകം റിസോര്‍ട്ട് ബിസിനസ് ആണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം ചൂടേറിയ രാഷ്ട്രീയ സംവാദത്തിന് വഴി വച്ചിരിക്കുകയാണ്. കഴിഞ്ഞ 3 ദിവസമായി കേരളം സജീവമായി ഈ വിഷയം ചര്‍ച്ച ചെയ്തതോടെ സി. പി എം വെട്ടിലായി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 66 ഇടത്ത് ബി.ജെ.പി വോട്ടുകള്‍ സിപിഎമ്മിന് മറിച്ചു എന്ന ആരോപണം അന്തരീക്ഷത്തില്‍ ശക്തമായി നിലനില്‍ക്കുകയാണ്. അതിനിടയിലാണ് ഇപി ജയരാജന്‍ രാജീവ് ചന്ദ്രശേഖര്‍ ബിസിനസ് ബന്ധം കൂടി സജീവ ചര്‍ച്ചയാകുന്നത്.
പന്ന്യന്‍ രവീന്ദ്രന്‍ മല്‍സരിക്കുന്ന തിരുവനന്തപുരത്ത് സിപിഎം വോട്ടുകള്‍ രാജീവ് ചന്ദ്രശേഖറിന്റെ പെട്ടിയിലേക്ക് വീഴുമോ എന്ന ആശങ്കയിലാണ് സിപിഐ ജില്ലാ നേതൃത്വം. തൃശൂര്‍ മല്‍സരിക്കുന്ന വി.എസ് സുനില്‍ കുമാറും സമാന പ്രതിസന്ധിയിലാണ്.
എ ക്ലാസ് മണ്ഡലമെന്ന് ബിജെപി അവകാശപ്പെടുന്ന തൃശൂരില്‍ സുരേഷ് ഗോപിക്ക് സിപിഎം വോട്ടുകള്‍ മറിഞ്ഞാലുള്ള അപകടം ഏറ്റവും നന്നായറിയാവുന്നത് വി.എസ്. സുനില്‍ കുമാറിനാണ്. മാവേലിക്കരയിലെ സിപിഐ സ്ഥാനാര്‍ത്ഥി സിഎ അരുണ്‍ കുമാറും വയനാടില്‍ ആനി രാജയും ആണ്.
തിരുവനന്തപുരത്ത് 2014ലും 2019 ലും മൂന്നാം സ്ഥാനത്തായിരുന്നു സിപിഐ. 2.58 ലക്ഷം വോട്ടാണ് 2019 ല്‍ സിപിഐ സ്ഥാനാര്‍ത്ഥിയായ സി ദിവാകരന് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് വന്ന കുമ്മനം രാജശേഖരന് 58,000 വോട്ട് സിപിഐയേക്കാള്‍ കൂടുതല്‍ ലഭിച്ചു. 99,989 വോട്ടിനായിരുന്നു തരൂരിന്റെ വിജയം.
വൈദേകം ബിസിനസ് ബന്ധം വോട്ട് മറിക്കാനുള്ള ബന്ധം എന്ന ലെവലിലേക്ക് മാറിയാല്‍ പന്ന്യന്‍ രവീന്ദ്രന്റെ കാര്യം കഷ്ടത്തിലാകും. തൃശൂരില്‍ 2019 ല്‍ രണ്ടാം സ്ഥാനത്തായിരുന്നു സിപിഐ മൂന്നാം സ്ഥാനത്തുള്ള സുരേഷ് ഗോപിയേക്കാള്‍ 28000 വോട്ട് കൂടുതല്‍ സിപിഐ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന് ലഭിച്ചു. 93,633 വോട്ടിനായിരുന്നു ടിഎന്‍ പ്രതാപന്റെ വിജയം.
വൈദേകം റിസോര്‍ട്ട് പാലം ശക്തമായാല്‍ 28000 വോട്ടിന്റെ വ്യത്യാസം നിഷ്പ്രയാസം മറികടക്കാന്‍ സുരേഷ് ഗോപിക്ക് കഴിയുമെന്ന് വി.എസ് സുനില്‍കുമാറിന് അറിയാം. മാവേലിക്കരയിലും വയനാടിലും തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ് ആണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.
ഈ രണ്ട് സ്ഥലത്തും മൂന്നാം സ്ഥാനത്തേക്ക് പോകില്ലെന്ന് സിപിഐ സ്ഥാനാര്‍ത്ഥികള്‍ക്ക് ആശ്വസിക്കാം. ഇപിയുടെയും രാജീവ് ചന്ദ്രശേഖറിന്റെയും റിസോര്‍ട്ട് ബിസിനസ് ബന്ധത്തിന്റെ കൂടുതല്‍ രഹസ്യങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്.
സിപിഐ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നത് തന്നെ കോണ്‍ഗ്രസിലെ ഏറ്റവും കരുത്തരോടാണ്. കെ. മുരളീധരനും ശശി തരൂരും കൊടിക്കുന്നിലും രാഹുല്‍ ഗാന്ധിയുമാണ് ഇവരുടെ എതിരാളികള്‍. അതിനിടയിലാണ് ഇപി ജയരാജന്‍ വക പാരയും . തൃശൂര്‍ മൂന്നാം സ്ഥാനത്ത് പോയാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാവും വിഎസ് സുനില്‍ കുമാറിന് ഉണ്ടാകുക. പന്ന്യന്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉള്ള ആളാണ്. മൂന്നാം സ്ഥാനം മെച്ചപ്പെടുത്താനാണ് പന്ന്യന്റെ ശ്രമം.